തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ റോഡില്‍ വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കാൻ മൊബൈല്‍ സാനിറ്റൈസേഷന്‍ ബസ് നിരത്തിലിറങ്ങി. ഇതിന്‍റെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു. തിരുവനന്തപുരത്തിന് പുറമേ മറ്റൊല്ലാ ജില്ലകളിലും പൊലീസുകാർക്കായി മൊബൈൽ യൂണിറ്റ് സജ്ജമാക്കുമെന്നും ബെഹ്റ വ്യക്തമാക്കി.

പൊലീസുകാരെ വിന്യസിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളില്‍ എത്തുന്ന ഈ ബസില്‍ അണുനാശിനി തളിക്കാനുളള സംവിധാനമുണ്ട്. പൊലീസുകാര്‍ പിന്‍വാതിലിലൂടെ പ്രവേശിച്ച് ബസ്സിനുളളിലൂടെ കടന്ന് മുന്നില്‍ എത്തുന്ന സമയത്തിനുളളില്‍ അവരെ പൂര്‍ണ്ണമായും അണുവിമുക്തരാക്കാന്‍ ഈ സംവിധാനത്തിന് കഴിയും.

എല്ലാ ജില്ലകളിലും ഈ സൗകര്യം ഉടന്‍ നിലവില്‍ വരും. തുടര്‍ച്ചയായ ജോലിക്കിടെ പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.