ദുബൈയിൽ വെച്ചാണ് ബിലാൽ കൂട്ടുപ്രതിയായ സിന്ധുവിനെ പരിചയപ്പെട്ടത്. യുവതികളുടെ ചിത്രങ്ങൾ കൈമാറാൻ ടെലഗ്രാം ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
കൊച്ചി: മോഡലിംഗ് -സെക്‌സ് റാക്കറ്റ് കേസില്‍ പിടിയിലായ ബിലാല്‍ യുവതികളെ വിദേശത്ത് എത്തിക്കുന്ന മുഖ്യകണ്ണിയെന്ന് പൊലീസ്. അറസ്റ്റിലായ സിന്ധുവിനെ ബിലാൽ പരിചയപ്പെട്ടത് ദുബൈയിൽ വച്ചാണ്. സിന്ധു യുവതികൾക്ക് വിസ എടുത്ത് കൊടുത്തത് ബിലാൽ പറഞ്ഞത് അനുസരിച്ചെന്നും പൊലീസ് കണ്ടെത്തി. ബിലാൽ ദുബൈയിൽ അറിയപ്പെട്ടിരുന്നത് പല പേരുകളിലാണ്. ബിലാലിന്‍റെ ഫോണിൽ നിറയെ യുവതികളുടെ ചിത്രങ്ങൾ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. സെക്സ് റാക്കറ്റ് സംഘത്തിന് മോഡലിങ് രംഗത്തെ യുവതികളുടെ ചിത്രങ്ങൾ എത്തിക്കാൻ ടെലഗ്രാം ഗ്രൂപ്പുകൾ ഉണ്ടായിരുന്നു. ബിലാലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

തിരുവനന്തപുരം ചാരുമൂട് സ്വദേശിയായ പ്രതി ബിലാൽ, ശ്രീകുമാർ എന്നിങ്ങനെ പല പേരുകളിലാണ് അറിയിപ്പെട്ടിരുന്നത്. മാവേലിക്കരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ദുബൈയിൽ ഫാഷൻ ഷോയിൽ പങ്കെടുക്കാം എന്ന് പറഞ്ഞാണ് മലയാളി യുവതികളെ കൊണ്ടുപോയി സെക്സ് റാക്കറ്റ് കെണിയിൽ പെടുത്തിയത്. മാസങ്ങളോളം ലഹരി മരുന്ന് കുത്തിവച്ചാണ് യുവതികളെ പീഡിപ്പിച്ചത്.
സിന്ധു പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ച് കൊടുത്ത് വിലപേശൽ നടത്തിയതിന്‍റെ തെളിവ് പൊലീസ് ലഭിച്ചു. ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ അന്വേഷണ സംഘം ശേഖരിച്ചു. മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ സെക്സ് റാക്കറ്റിന് മുന്നിലെത്തിച്ച കേസിൽ ഒന്നാം പ്രതി സിന്ധുവിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. കൂട്ട ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് സിന്ധുവാണെന്നും റിപ്പോർട്ടിലുണ്ട്. സിന്ധുവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ദുബൈയിൽ ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം നടത്തുകയായിരുന്നു സിന്ധു.

