ചീഫ് സെക്രട്ടറിയെക്കൊണ്ട് ഗവർണർക്ക് കത്ത് അയപ്പിച്ചത് താൻ സംഘർഷത്തിനില്ല എന്ന നിലപാട് ആവർത്തിക്കലാണ്. പ്രതിഷേധിക്കാൻ പോലുമാവാതെ ദയനീയമായ കീഴടങ്ങലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പിൽ നിന്ന് തെളിയുന്നത്- പിണറായി പരിസഹിച്ചു
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ പേരിൽ ഗവർണ്ണർ ഉന്നത ഉദ്യോഗസ്ഥരുടെയും വി.സിമാരുടെയും സമാന്തര യോഗം വിളിച്ചതിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗുരുതര ഭരണഘടനാ ലംഘനം മുഖ്യമന്ത്രി അറിഞ്ഞത് മാധ്യമ വാർത്തകളിലൂടെയാണെന്നാണ് പറയുന്നത്. ഭരണം യഥാർത്ഥത്തിൽ ആരാണ് നിയന്ത്രിക്കുന്നത്? എക്സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെ അറിയിക്കുകപോലും ചെയ്യാതെ ഉദ്യോഗസ്ഥർ ഗവർണർ വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നത് എങ്ങനെയാണ്. ഇത്രയും ഗൗരവമുള്ള ഒരു വിഷയത്തിൽ പ്രതിപക്ഷം വിമർശനം ഉയർത്തിയിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. പകരം വിഷയം ലഘൂകരിച്ച് ഓഫീസ് പത്രക്കുറിപ്പ് ഇറക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫീസ് വൈകുന്നേരം പുറത്തിറക്കിയ വാർത്താക്കുറിപ്പിനെ പൂർണ്ണമായി തള്ളിക്കൊണ്ടാണ് പിണറായി വിജയൻ രംഗത്തെത്തിയത്. സംസ്ഥാനത്തിന്റെ ഭരണനിർവ്വഹണ തലവനായ മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ് ഉദ്യോഗസ്ഥര്‍ ലോക്ഭവൻ വിളിച്ച യോഗത്തിൽ പങ്കെടുത്തത്? വിഷയം ലഘൂകരിച്ച് ഗവർണർക്ക് ചീഫ് സെക്രട്ടറിയെ കൊണ്ട് കത്ത് അയപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. എന്തുകൊണ്ട് മുഖ്യമന്ത്രി നേരിട്ട് കത്തയച്ചില്ല എന്ന് പിണറായി വിജയൻ ചോദിക്കുന്നു. ഗവർണർക്കെതിരായതുകൊണ്ടാണോ മുഖ്യമന്ത്രി നേരിട്ട് കത്തയക്കാതിരുന്നത്? ഗവർണറെയും ഗവർണറെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തികളെയും എതിർക്കാൻ ഭയമുള്ളതുകൊണ്ടാണോ മൗനം പാലിക്കുന്നത്? ചീഫ് സെക്രട്ടറിയെക്കൊണ്ട് ഗവർണർക്ക് കത്ത് അയപ്പിച്ചത് താൻ സംഘർഷത്തിനില്ല എന്ന നിലപാട് ആവർത്തിക്കലാണ്. പ്രതിഷേധിക്കാൻ പോലുമാവാതെ ദയനീയമായ കീഴടങ്ങലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പിൽ നിന്ന് തെളിയുന്നത്- പിണറായി പരിസഹിച്ചു.
പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം
ഗവർണർ നേരിട്ട് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടത്തിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ന് പത്രസമ്മേളനത്തിൽ ഞാൻ ഉന്നയിച്ചിരുന്നല്ലോ? എന്നാൽ അതിനുശേഷം അതിനോടുള്ള പ്രതികരണമെന്ന നിലയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിശദീകരണം ഒരു വാർത്താക്കുറിപ്പായി വൈകീട്ട് കാണുകയുണ്ടായി. ഇത്രയും ഗൗരവതരമായ ഒരു വിഷയം മുഖ്യമന്ത്രി അറിയുന്നത് പത്രവാർത്തകളിലൂടെയാണത്രെ! എക്സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെ അറിയിക്കുകപോലും ചെയ്യാതെ ഉദ്യോഗസ്ഥർ ഗവർണർ വിളിച്ച യോഗത്തിൽ പങ്കെടുക്കുകയോ? ഭരണം യഥാർത്ഥത്തിൽ ആരാണ് നിയന്ത്രിക്കുന്നത്? ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിലുള്ളപ്പോൾ ഗവർണറുടെ കടമ മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ്. അല്ലാത്ത ഏത് നടപടിയും ഭരണഘടനാ ലംഘനമാണ്.
ഇത്രയും ഗൗരവമുള്ള ഒരു വിഷയത്തിൽ പ്രതിപക്ഷം വിമർശനം ഉയർത്തിയിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. പകരം വിഷയം ലഘൂകരിച്ച് ഓഫീസ് പത്രക്കുറിപ്പ് ഇറക്കുക മാത്രമാണ് ചെയ്തത്. ഗവർണർക്ക് ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്ത് അയപ്പിച്ചു എന്നാണ് പറയുന്നത്. ആ കത്ത് പുറത്തുവിട്ടിട്ടുമില്ല. ഗവർണർക്കെതിരായതുകൊണ്ടാണോ മുഖ്യമന്ത്രി നേരിട്ട് കത്തയക്കാതിരുന്നത്? പ്രതിപക്ഷം ഉന്നയിച്ചില്ലെങ്കിൽ ഈ ദുർബലമായ പ്രതികരണം പോലും ഉണ്ടാകുമായിരുന്നോ? എൽ.ഡി.എഫ്. ഭരണകാലത്ത്, ഗവർണറുടെ ഭാഗത്തുനിന്ന് ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത നടപടികൾ ഉണ്ടായപ്പോൾ മുഖ്യമന്ത്രി നേരിട്ടാണ് ഗവർണർക്ക് കത്തയച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നത്.
ഇന്നത്തെ മുഖ്യമന്ത്രിക്ക് ഗവർണറെയും ഗവർണറെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തികളെയും എതിർക്കാൻ ഭയമുള്ളതുകൊണ്ടാണോ മൗനം പാലിക്കുന്നത്? ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്ത് അയപ്പിച്ചത് താൻ സംഘർഷത്തിനില്ല എന്ന നിലപാട് ആവർത്തിക്കലാണ്. ഉദ്യോഗസ്ഥരല്ല, രാഷ്ട്രീയ നേതൃത്വമാണ് ഇത്തരം വിഷയങ്ങളിൽ ജാഗ്രത പുലർത്തേണ്ടത്. സംസ്ഥാനത്തിന്റെ ഫെഡറൽ എക്സിക്യൂട്ടീവ് അധികാരങ്ങൾ ഭരണഘടനാപരമാണ്. അത് സംരക്ഷിക്കപ്പെടേണ്ടത് സംസ്ഥാനത്തിന്റെ പൊതുതാൽപ്പര്യമാണ്. പ്രതിഷേധിക്കാൻ പോലുമാവാതെ ദയനീയമായ കീഴടങ്ങലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പിൽ നിന്ന് തെളിയുന്നത്.


