സൈജു  തങ്കച്ചനൊപ്പം ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പൊലീസ് കേസെടുത്തു. ഏഴ് പൊലീസ് സ്റ്റേഷനുകളിലായി  ആകെ 17 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് ചോദ്യം ചെയ്യാ‍ൻ വിളിപ്പിച്ചെങ്കിലും  ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. 

കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ (models death case) പ്രതിയായ സൈജു തങ്കച്ചനൊപ്പം (saiju thankachan) ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിന് (drugs) പൊലീസ് കേസെടുത്തു. ഏഴ് പൊലീസ് സ്റ്റേഷനുകളിലായി ആകെ 17 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് ചോദ്യം ചെയ്യാ‍ൻ വിളിപ്പിച്ചെങ്കിലും ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. 

മിസ് കേരള അടക്കം മൂന്ന് പേര് മരിച്ച വാഹനാപകടക്കേസ് കടക്കുന്നത് മറ്റൊരു തലത്തിലേക്കാണ് . പുതിയ കേസുകള്‍ക്ക് വഴിവെച്ചത് സൈജു തങ്കച്ചന്‍റെ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളാണ്. ഫോണിലെ രഹസ്യ ഫോള്‍ഡറിൽ നിന്ന് പൊലീസിന് ലഭിച്ചത് രാസലഹരിയും കഞ്ചാവും ഉൾപ്പടെ ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളാണ്. ചോദ്യം ചെയ്യലില്‍ സൈജു തങ്കച്ചന്‍ ഓരോ പാര്‍ട്ടിയേയും കുറിച്ചുള്ള വിവരങ്ങള്‍ കൈമാറി. പാർട്ടികള്‍ നടന്ന സ്ഥലങ്ങൾ, പങ്കെടുത്തവരും പേര് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൊലീസിന് നൽകി..

സൈജുവിന്‍റെ ഈ കുറ്റസമ്മത മൊഴിയുടെയും വിഡീയോകളുടെയും അടിസ്ഥാനത്തിലാണ് മയക്കുമരുന്ന പാര്‍ട്ടികൾ നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേകം കേസെടുത്തത്. ഏഴ് യുവതികളടക്കം 17 പേരുടെ വിവരങ്ങല്‍ എഫ് ഐആറിലുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ കണ്ടാലറിയാവുന്ന സുഹൃത്തുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്. തൃക്കാക്കര, ഇന്‍ഫോപാര്‍ത്ത്, ഫോര്‍ട്ട് കൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത് ,ഇടുക്കി ആനച്ചാല്‍ സ്റ്റേഷനുകളിലായാണ് 17 കേസുകൾ എടുത്തിട്ടുള്ളത്. മോഡലുകൾ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത നമ്പര്‍ 18 ഹോട്ടലില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സൈജു മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ കേസും ഇതിലുള്‍പ്പെടും.

 പ്രതികളെ ചോദ്യംചെയ്യുന്നതിനായി പൊലീസ് ബന്ധപ്പെട്ടെങ്കിലും ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വച്ച് ഓഫ് ചെയ്ത നിലയിലാണ്. മൂന്ന് പേര്‍ മാത്രമാണ് ഇത് വരെ മൊഴി നല്‍കാനെത്തിയത്. ഇനിയും ഹാജരായില്ലെങ്കില്‍ ഇവര്‍ക്ക് ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം നോട്ടീസ് നല്‍കാനാണ് പൊലീസിന്‍റെ തീരുമാനം.