ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ(rain) ജാഗ്രത (alert)തുടരുന്നു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിൽ മഴ തുടരും.അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്(yellow alert). കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. തീവ്ര മഴമുന്നറിയിപ്പുകളില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങലിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണം.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം.
ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. വയനാട് ബാണാസുര സാഗർ ഡാമിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഇന്ന് തുറന്നേക്കാനും സാധ്യത ഉണ്ട്. ഇടുക്കി അണക്കെട്ട് തുറന്നാൽ ആദ്യം വെള്ളമെത്തുന്നത് ചെറുതോണി ടൗണിൽ ആണ്. അവിടെ നിന്ന് തടിയമ്പാട്, കരിമ്പൻ പ്രദേശങ്ങളിലേക്ക്. അടുത്തത് പെരിയാർ വാലി, കീരിത്തോട് വഴി പനംകുട്ടിയിൽ.ഇവിടെവച്ച് പന്നിയാർകുട്ടി പുഴ, പെരിയാറുമായി ചേരും ഈ വെളളം നേരെ പാംബ്ല അക്കെട്ടിലേക്ക്.അവിടെ നിന്ന് ലോവർ പെരിയാർ വഴി,നേര്യമംഗലത്തേക്ക് വെള്ളമെത്തും.അടുത്തത് ഭൂതത്താൻകെട്ട് അണക്കെട്ട്.ഇവിടെവച്ച്, ഇടമലയാർ അണക്കെട്ടിലെ വെള്ളവും പെരിയാറിൽ ചേരും.ഒന്നിച്ചൊഴുകി, കാലടി വഴി ആലുവ പ്രദേശങ്ങളിലേക്ക് വെള്ളമെത്തും. ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞ്, പെരിയാർ അറബിക്കടലിൽ ചേരും
അതിനിടെ ഇടുക്കി ഡാം തുറക്കുന്നതിന്‍റെ ഭാഗമായി എറണാകുളത്ത് മുൻകരുതലുകള്‍ ഏര്‍പെടുത്തി. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി. ഇടമലയാർ ഡാം തുറക്കേണ്ടി വന്നാലും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
ഇടുക്കി ഡാം തുറക്കുമ്പോള്‍ മുൻകരുതലുകള്‍ ഏര്‍പെടുത്തുന്നതിന്‍റെ ഭാഗമായി മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തില്‍ കൊച്ചിയില്‍ അവലോകന യോഗം ചേര്‍ന്നു. ഡാം തുറക്കുന്നതിന്‍റെ ഭാഗമായി ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണ കൂടം യോഗത്തിലറിയിച്ചു.താലൂക്ക് തലത്തില്‍ തയ്യാറാക്കിയ ക്യാമ്പുകളിലേക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ സജ്ജമാണ്. മരുന്നുകളും സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്.
ഓരോ മണ്ഡലത്തിലും നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതിനായി ജനപ്രതിനിധികള്‍ ഉള്‍പെടെയുള്ളവരുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പുകള്‍ ആരംഭിക്കും. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ കരയിലുളളവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവരോട് രണ്ടുദിവസം കൂടി ക്യാംപില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനിടെ ഇടമലയാർ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്.ഇന്നലെ വൈകിട്ട് ജലനിരപ്പ് 161.66 മീറ്ററില്‍ എത്തി.ഡാമിൻ്റെ സംഭരണ ശേഷി 169 മീറ്റർ ആണ്. 163-ൽ എത്തിയാൽ ഡാം തുറക്കേണ്ടതുള്ളതുകൊണ്ട് 162.5 മീറ്ററില്‍ എത്തിയാൽ റെഡ് അലർട്ട് പുറപ്പെടുവിക്കും.പൊതുവെ മഴക്ക് ശമനമുണ്ടെങ്കിലും ഡാമിലും വൃഷ്ടി പ്രദേശങ്ങളിലും ഇടക്കിടെ മഴ ശക്തമായി പെയ്യുന്നതിനാലാണ് ജലനിരപ്പ് ഉയർന്നു നിൽക്കുന്നത്.
ബാണാസുര സാഗർ ഡാം: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് 12 മണിക്ക് ശേഷം ഡാം തുറക്കാൻ സാധ്യത
ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 773.50 മീറ്റര്‍ എത്തിയ സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അര മീറ്റർ കൂടി ഉയർന്നാൽ ജലസംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവലായ 774 മീറ്ററിൽ എത്തും. ഈ സാഹചര്യത്തിൽ ഇന്ന് (ഞായർ) ഉച്ചയ്ക്ക് 12 മണിക്കു ശേഷം ഷട്ടറുകൾ തുറന്ന് അധികജലം കാരമാൻ തോടിലേക്ക് ഒഴുക്കി വിടാൻ സാധ്യതയുണ്ട്. സെകന്റിൽ 8.5 ക്യുബിക് മീറ്റർ പ്രകാരം 35 ക്യൂബിക് മീറ്റർ വരെ വെള്ളം ഘട്ടംഘട്ടമായി ഒഴുക്കി വിടേണ്ടി വരും. പുഴയിലെ ജലനിരപ്പ് 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
