Asianet News MalayalamAsianet News Malayalam

നരേന്ദ്രമോദി നാളെ കേരളത്തിൽ: ബിജെപി കോര്‍ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും

യുഡിഎഫിൻ്റെ കേരളയാത്ര പാതിവഴി പിന്നിട്ടു, ഇടത് ജാഥകൾ നാളെ തുടങ്ങുന്നു. സുരേന്ദ്രൻ്റെ വിജയയാത്ര 21-ന് തുടങ്ങും മുൻപേ ബിജെപിക്ക് ആവേശമാകാൻ എത്തുകയാണ് മോദി. കൊച്ചിയിലെ വികസനപദ്ധതികളുടെ ഉദ്ഘാടനശേഷമാണ് ബിജെപിയുടെ നിർണ്ണായക കോർകമ്മിറ്റി യോഗം. 

Modi coming to kerala tomorrow
Author
കൊച്ചി, First Published Feb 13, 2021, 7:38 PM IST

കൊച്ചി: ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ആവേശമേകാൻ പ്രധാനമന്ത്രി നാളെ കൊച്ചിയിൽ പാർട്ടി കോർ കമ്മിറ്റിയോഗത്തിൽ പങ്കെടുക്കും. കേരളത്തിൽ നേട്ടമുണ്ടാക്കാനുള്ള പ്രചാരണതന്ത്രങ്ങൾ അടക്കം മോദി മുന്നോട്ട് വെക്കും. അതിനിടെ കേരള സന്ദർശനത്തിന് മുമ്പെ പ്രധാനമന്ത്രിയെ ദില്ലിയിലെത്തി കണ്ട ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതൃത്വവുമായുള്ള പോരിൽ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചു.

യുഡിഎഫിൻ്റെ കേരളയാത്ര പാതിവഴി പിന്നിട്ടു, ഇടത് ജാഥകൾ നാളെ തുടങ്ങുന്നു. സുരേന്ദ്രൻ്റെ വിജയയാത്ര 21-ന് തുടങ്ങും മുൻപേ ബിജെപിക്ക് ആവേശമാകാൻ എത്തുകയാണ് മോദി. കൊച്ചിയിലെ വികസനപദ്ധതികളുടെ ഉദ്ഘാടനശേഷമാണ് ബിജെപിയുടെ നിർണ്ണായക കോർകമ്മിറ്റി യോഗം. കേരള ഘടകത്തിൻ്റെ അഭ്യർത്ഥന പരിഗണിച്ചാണ് പാർട്ടിയോഗത്തിന് പ്രധാനമന്ത്രി അനുമതി നൽകിയത്. സംസ്ഥാനഘടകത്തിൻ്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ മോദി പങ്കെടുക്കുന്ന യോഗം വിലയിരുത്തും. ഇനി ചെയ്യേണ്ട കാര്യങ്ങൾ, ഊന്നൽ നൽകേണ്ട വിഷയങ്ങൾ എന്നിവ മോദി കേരള നേതൃത്വത്തിന് മുന്നിൽ വയ്ക്കും. 

കഴിഞ്ഞയാഴ്ച ദേശീയ അധ്യക്ഷൻ ഇപ്പോൾ പ്രധാനമന്ത്രി, സുരേന്ദ്രൻറെ ജാഥക്ക് യോഗി..ജാഥാ സമാപനത്തിന് അമിത്ഷാ. കൂടാതെ പ്രചാരണം മുറുകുമ്പോൾ റാലികൾക്കായി കേന്ദ്ര നേതാക്കളുടെ വൻ പടയും എത്തും. കേന്ദ്രത്തിൻറെ വികസനനേട്ടങ്ങൾ എണ്ണിപ്പറയാൻ ബിജെപി ഒരുങ്ങുമ്പോൾ തന്നെ ദിവസേനയുള്ള ഇന്ധനവില വർദ്ധനവ് പാർട്ടിക്ക് വൻ തിരിച്ചടിയുണ്ടാക്കുന്നുണ്ട്.

സംസ്ഥാന ഘടകം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴും സംഘടനാപ്രശ്നങ്ങൾ തീരാത്തതും തലവേദനയാണ്. മോദി സംസ്ഥാനത്ത് എത്തും മുമ്പെ ദില്ലിയിലെത്തി മോദിയെ കണ്ട ശോഭാ സുരേന്ദ്രൻ തൻ്റെ പരാതികൾ ആവർത്തിച്ചെന്നാണ് വിവരം.

കോർ കമ്മിറ്റിയിൽ ശോഭാ ഇല്ലാത്തതിനാൽ നാളെത്തെ യോഗത്തിൽ അവർക്ക് പങ്കെടുക്കാനാകില്ല. അതിന് മുൻപേ ദില്ലിയിൽ തനിക്ക് പിടിയുണ്ടെന്ന് സംസ്ഥാന നേതൃത്വത്തിന് സന്ദേശം നൽകൽ കൂടിയായി പ്രധാനമന്ത്രിയുമായുള്ള ശോഭയുടെ കൂടിക്കാഴ്ച. അതേ സമയം പ്രശ്നം കേന്ദ്ര നേതൃത്വത്തിൻറെ മുന്നിലാണെങ്കിലും ശോഭ ആവശ്യപ്പെട്ട കോർ കമ്മിറ്റി സ്ഥാനം അടക്കമുള്ള പദവികളിൽ തീരുമാനം നീളുകയാണ്.

Follow Us:
Download App:
  • android
  • ios