തിരുവന്തപുരം: സെൻ കുമാറിനെ വേദിയിലിരുത്തി നമ്പി നാരായണനെപ്പറ്റി നരേന്ദ്രമോദി നടത്തിയ അഭിപ്രായപ്രകടനം സെൻകുമാറിന്‍റെ മുഖത്തുള്ള അടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉളുപ്പ് ഇല്ലാത്തതുകൊണ്ടാണ് സെൻകുമാർ വേദിയിൽ നിന്ന് ഇറങ്ങിപ്പോകാതിരുന്നത് എന്നും കോടിയേരി പരിഹസിച്ചു.

നമ്പി നാരായണനോട് കോണ്‍ഗ്രസ് ചെയ്തത് ക്രൂരതയാണന്നും ആ ഹീനമായ പെരുമാറ്റത്തിന് കോണ്‍ഗ്രസിനോട് ക്ഷമിക്കാനാവില്ലെന്നുമാണ് ഇന്നലെ തിരുവനന്തപുരത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് യോഗത്തില്‍ മോദി പറഞ്ഞത്. നമ്പി നാരായണൻ കുറ്റക്കാരനാണെന്ന് പലതവണ പറഞ്ഞിട്ടുള്ള സെൻകുമാർ ഈ സമയത്ത് മോദിയോടൊപ്പം വേദിയിലുണ്ടായിരുന്നു.

സെൻ കുമാറിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന 'എന്‍റെ പൊലീസ് ജീവിതം' എന്ന സർവീസ് സ്റ്റോറിയിലും നമ്പി നാരായണന് എതിരായ ആരോപണം ആവർത്തിക്കുന്നുണ്ട്.  നമ്പി നാരായണന് എല്ലാ കാലത്തും സത്യം മൂടിവെക്കാനാകില്ലെന്നാണ് സെൻകുമാർ പുസ്തകത്തിൽ പറയുന്നത്.