പൊലീസിനെതിരെ വ്യാപകമായ പരാതികളാണുയരുന്നത്. പരാതി നല്‍കാനെത്തുന്ന പെണ്‍കുട്ടികള്‍ മോശക്കാരികളാണെന്ന മുന്‍വിധിയോടെയാണ് പൊലീസ് പെരുമാറുന്നത്. പൊലീസ് സ്റ്റേഷനില്‍ പോകാന്‍ പോലും പെണ്‍കുട്ടികള്‍ ഭയപ്പെടുകയാണ്. എന്തുനീതിയാണ് നടപ്പാക്കുന്നത്? സതീശൻ ചോദിച്ചു

തിരുവനന്തപുരം: ഭര്‍തൃവീട്ടുവാര്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെയും പിതാവിനെയും അപമാനിക്കുന്ന തരത്തില്‍ പൊലീസ് സംസാരിച്ചതാണ് ആലുവയില്‍ മോഫിയ ((Mofiya Parween) ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (v d satheesan). ഇക്കാര്യം മോഫിയയുടെ പിതാവാണ് പറഞ്ഞത്. കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലും പ്രതിയായ പെണ്‍കുട്ടികള്‍ക്ക് പോലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. വാദിയായി എത്തിയ പെണ്‍കുട്ടിയോട് ഏറ്റവും മോശമായ രീതിയിലാണ് പൊലീസ് പെരുമാറായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

തെറ്റായ നടപടികളെടുക്കുന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ സംരക്ഷിക്കേണ്ട എന്തു ബാധ്യതയാണ് മുഖ്യമന്ത്രിക്കുള്ളത്? എംജി സര്‍വകലാശാലയില്‍ പരസ്യമായി അപമാനിക്കപ്പെട്ട എഐഎസ്എഫ് വനിതാ നേതാവിന് പോലും നീതി നിഷേധിക്കപ്പെട്ടു. പിന്നെ ആര്‍ക്കാണ് നീതി ലഭിക്കുന്നത്? പൊലീസിനെതിരെ വ്യാപകമായ പരാതികളാണുയരുന്നത്. പരാതി നല്‍കാനെത്തുന്ന പെണ്‍കുട്ടികള്‍ മോശക്കാരികളാണെന്ന മുന്‍വിധിയോടെയാണ് പൊലീസ് പെരുമാറുന്നത്. പൊലീസ് സ്റ്റേഷനില്‍ പോകാന്‍ പോലും പെണ്‍കുട്ടികള്‍ ഭയപ്പെടുകയാണ്.

എന്തുനീതിയാണ് നടപ്പാക്കുന്നത്? സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പൊലീസുകാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണം. എല്ലാവര്‍ക്കും അമ്മയും മക്കളും സഹോദരിമാരുമൊക്കെയുണ്ട്. അവരാണ് പൊലീസ് സ്റ്റേഷനുകളില്‍ അപമാനിക്കപ്പെടുന്നത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറാനുള്ള എന്തു ലൈസന്‍സാണ് പൊലീസിനുള്ളത്. പൊലീസിന്റെ ആത്മവീര്യം ചോരുമെന്നാണ് പറയുന്നതെങ്കില്‍ ഇങ്ങനെയൊരു ആത്മവീര്യത്തിന്റെ ആവശ്യം കേരളത്തിനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മോഫിയയെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ മുൻപ് ഉത്ര വധക്കേസിൽ വീഴ്‌ച വരുത്തിയ സിഐ സുധീർ

ആലുവയിൽ ഗാർഹികപീഡനത്തെത്തുടർന്നാണ് എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയാ പർവീൻ ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ സ്ഥലം സിഐ സുധീറിനും ഭർതൃകുടുംബത്തിനും ഭർത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. എൽഎൽബി വിദ്യാർത്ഥിനിയായിരുന്നു മോഫിയ. മോഫിയയുടെയും സുഹൈലിന്‍റെയും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങി.

ഇതേത്തുടർന്ന് മോഫിയ സ്വന്തം വീട്ടിലേക്ക് തിരികെ വന്നു. ഇന്നലെയാണ് ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകാനായി മോഫിയ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയ തന്നോട് പൊലീസ് മോശമായാണ് പെരുമാറിയതെന്നും സിഐ ചീത്ത വിളിച്ചെന്നുമാണ് മോഫിയ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത്. 'സിഐയ്ക്ക് എതിരെ നടപടി എടുക്കണമെന്നും കുറിപ്പിലുണ്ട്. മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കപ്പെട്ട സി ഐ സുധീർ നേരത്തെയും ജോലിയിൽ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ്. ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണവും നടന്നിട്ടുണ്ട്. 

'പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ', മരിക്കുന്നതിന് മുൻപ് മോഫിയ എഴുതി