കൊച്ചി: തൈക്കൂടം വരെയുള്ള രണ്ടാംഘട്ട മെട്രോ സർവ്വീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി കൊച്ചി മെട്രോ. ദൈനംദിന പ്രവർത്തന ലാഭത്തിലേക്ക് കൊച്ചി മെട്രോ എത്തിക്കഴിഞ്ഞു. നിലവിലെ സ്ഥിതി തുടർന്നാൽ ദില്ലി മെട്രോയ്ക്ക് ശേഷം ലാഭത്തിലെത്തുന്ന മെട്രോ ആയി കൊച്ചി മാറുമെന്നും കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു.

മഹാരാജാസ് മുതൽ തൈക്കൂടം വരെ മെട്രോ ഓടിത്തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ദിവസേന ശരാശരി 45000 പേർ സഞ്ചരിച്ചിരുന്ന സ്ഥാനത്ത് യാത്രക്കാരുടെ എണ്ണം 95000 വരെ എത്തി. ഗതാഗതക്കുരുക്ക് ഏറെയുള്ള വൈറ്റില, സൗത്ത് തുടങ്ങി നഗരത്തിലെ പ്രധാന മേഖലയിലേക്ക് മെട്രോ എത്തിയതും യാത്രക്കാരുടെ എണ്ണം വർദ്ധിക്കാൻ കാരണമായി.

കഴിഞ്ഞ ആറ് മാസമായി മെട്രോ ലാഭത്തിലാണെന്ന് എംഡി മുഹമ്മദ് ഹനീഷ് പറ‍ഞ്ഞു. ടിക്കറ്റ് നിരക്കിൽ 50 ശതമാനം കിഴിവ് നൽകിയതും ഓണം പ്രമാണിച്ച് സർവ്വീസിന്‍റെ സമയം രാത്രി 11 വരെ നീട്ടിയതും ഗുണകരമായി. ഈ മാസം 25 വരെ മെട്രോ സ്റ്റേഷനുകളിൽ പാർക്കിംഗും സൗജന്യമാണ്. മെട്രോ സർവ്വീസ് ദിവസവും ഉപയോഗപ്പെടുത്തുന്നവരുടെ ശരാശി എണ്ണം 100000 ത്തില്‍ എത്തിക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. ഉത്സവ സീസൺ അവസാനിച്ചാലും യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവ് വരില്ലെന്നാണ് കെഎംആർഎല്ലിന്‍റെ പ്രതീക്ഷ.