നടൻ മോഹൻലാൽ തന്റെ കൈവശം കൂടുതൽ ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തിയതോടെ കേസ് പുതിയ വഴിത്തിരിവിൽ. മുൻപ് വെളിപ്പെടുത്താതിരുന്ന 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവെച്ചതിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാർ ആരോപിച്ച് രംഗത്തെത്തി
കൊച്ചി: നടൻ മോഹൻലാലിൻ്റെ ആനക്കൊമ്പ് ശേഖരത്തിൽ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം എന്തിന് മറച്ചുവച്ചു എന്ന് പരാതിക്കാരുടെ അഭിഭാഷകൻ. രണ്ടു ജോഡി ആനക്കൊമ്പിൻ്റെ വിവരങ്ങൾ മാത്രം വെളിപ്പെടുത്തി മൂന്ന് ജോഡി ആദ്യം മറച്ചുവച്ചതിൽ ദുരൂഹത ഉണ്ടെന്നാണ് ആരോപണം. ഇതിൽ കൃത്യമായ അന്വേഷണം വേണമെന്ന് അഡ്വ. എബ്രഹാം പി മീഞ്ചങ്കര ആവശ്യപ്പെട്ടു.
തന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകളുണ്ടെന്നാണ് മോഹൻലാൽ വെളിപ്പെടുത്തിയത്. പുതിയതായി വെളിപ്പെടുത്തിയ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം ഹാജരാക്കാൻ നിർദേശം നൽകിയതായി മലയാറ്റൂർ ഡിഎഫ്ഒ കാർത്തിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആനക്കൊമ്പുകൾ തനിക്ക് സമ്മാനം കിട്ടിയതാണെന്ന് മോഹൻലാൽ അറിയിച്ചു.
നേരത്തെ മോഹൻലാലിന്‍റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 2015ലും 2016ലും ഇത് മോഹൻലാലിന് കൈവശം സൂക്ഷിക്കാനായി അധികാരപ്പെടുത്തി ഉത്തരവിറക്കുകയും പിന്നീട് വനംവകുപ്പ് സര്‍ട്ടിഫിക്കറ്റ് നൽകുകയുമായിരുന്നു. ഇതാണ് കോടതി നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. ആ നിയമനടപടികള്‍ ഹൈക്കോടതിയിൽ മുന്നോട്ട് പോകുന്നതിനിടെയാണ് വനംവകുപ്പിന്‍റെ ഒറ്റത്തവണ പരാതി തീര്‍പ്പാക്കൽ പദ്ധതി പ്രകാരം കൂടുതൽ ആനക്കൊമ്പുകള്‍ തന്‍റെ കൈവശമുണ്ടെന്ന് മോഹൻലാൽ വെളിപ്പെടുത്തിയത്. ഇതോടെ 5 ജോഡി ആനക്കൊമ്പുകളാണ് ഇദ്ദേഹത്തിന്‍റെ കൈവശമുള്ളതെന്ന് വ്യക്തമായി.
കൂടാതെ ആനക്കൊമ്പിൽ തീര്‍ത്ത 13 ശിൽപങ്ങളും മോഹൻലാലിന്‍റെ പക്കലുണ്ട്. ഇവയെല്ലാം തനിക്ക് സമ്മാനമായി ലഭിച്ചതെന്നാണ് നടന്‍റെ വിശദീകരണം. എന്നാൽ ഇതിൽ ചില നിയമപ്രശ്നങ്ങളുണ്ട്. ആനക്കൊമ്പുകള്‍ പാരമ്പര്യമായി, കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ കൈമാറി സൂക്ഷിക്കുകയല്ലാതെ അത് സമ്മാനമായി സ്വീകരിക്കരുത് എന്നാണ് വനംനിയമത്തിൽ പറയുന്നത്. ഈ ആനക്കൊമ്പുകളെല്ലാം വനംവകുപ്പ് കൃത്യമായി പരിശോധിക്കണം. ഇപ്പോള്‍ പ്രാഥമിക പരിശോധന മാത്രമാണ് നടന്നത്. ഡിഎൻഎ ടെസ്റ്റ് നടത്തി ഇവ ആറും, ആറ് ആനകളുടേതാണ് എന്ന് തെളിഞ്ഞാൽ കാര്യങ്ങള്‍ കൂടുതൽ സങ്കീര്‍ണമായേക്കാം. എത്രയും പെട്ടെന്ന് ഇവയുടെ വിശദാംശങ്ങള്‍ ഹാജരാക്കാൻ നിര്‍ദേശിച്ചതായി വനംവകുപ്പ് വ്യക്തമാക്കി.



