പെരുമ്പാവൂരിൽ അടിമുടി മാറ്റം ലക്ഷ്യമെന്ന് ഡിഐജി യതീഷ് ചന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട്. അതിഥി തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് പൊലീസ് ഉണ്ടായിരുന്നില്ലെന്നും മറ്റൊരു നാട്ടിൽ വന്നപ്പോൾ അതിഥി തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടിയെന്നും അദ്ദേഹം.

കൊച്ചി: പെരുമ്പാവൂരിനെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പുതിയ പ്ലാറ്റൂൺ സേന ഉടൻ നിലവിൽ വരും. പെരുമ്പാവൂരിൽ അടിമുടി മാറ്റമാണ് ലക്ഷ്യമെന്ന് എറണാകുളം റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മറ്റൊരു നാട്ടിൽ വന്നപ്പോൾ അതിഥി തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടിയെന്നും അത് ലഹരി ഉപയോഗം വ്യാപകമാകാൻ കാരണമായെന്നും അതിഥി തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് പൊലീസ് ഉണ്ടായിരുന്നില്ലെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

പെരുമ്പാവൂരിൽ കുടിയേറ്റം നടക്കുന്നതിന് മുൻപ് അനുവദിച്ച പൊലീസ് സേനയാണ് ഇപ്പോൾ ഉള്ളതെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റത്തെ തുടർന്ന് മേഖലയിലെ ജനസംഖ്യ ക്രമാതീതമായി വർധിച്ചെങ്കിലും പൊലീസുകാരുടെ എണ്ണത്തിൽ മാറ്റമുണ്ടായില്ല. മറ്റൊരു നാട്ടിൽ എത്തിയപ്പോൾ അതിഥി തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചു. അതുകാരണം മയക്കുമരുന്നിന്റെ ഉപഭോഗം കൂടിയെന്നും അദ്ദേഹം പറഞ്ഞു.

ആളുകളുടെ എണ്ണം കൂടിയതും മറ്റൊരു പ്രധാന പ്രശ്നമാണെന്ന് ഡിഐജി ചൂണ്ടിക്കാട്ടി. നാലുപേർ താമസിക്കേണ്ട മുറിയിൽ 20 ഓളം പേർ താമസിക്കുന്ന സാഹചര്യമുണ്ട്. അത് മയക്കുമരുന്ന് ഉപയോഗം, അടിപിടി തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നു. താമസം സ്ഥലങ്ങളിലെ ജനത്തിരക്ക് കുറക്കാൻ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

YouTube video player

സദാചാര പൊലീസ് ചമഞ്ഞുള്ള പ്രവൃത്തികൾ അനുവദിക്കില്ല. ജനങ്ങൾ നിയമം കൈയിൽ എടുത്താൽ കർശന നടപടി ഉണ്ടാകും. അനധികൃതമായ കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊലീസ് ഹെൽപ്പ്ലൈനായ 112 എന്ന നമ്പറിലേക്ക് വിളിച്ചറിയിക്കുക. ഉടൻതന്നെ അവിടേക്ക് പൊലീസ് എത്തുമെന്നും ഡിഐജി യതീഷ് ചന്ദ്ര കൂട്ടിച്ചേർത്തു.

സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ നടത്തിയ സന്ദർശനത്തിന് പിന്നാലെ ആണ് പെരുമ്പാവൂരിന് മാത്രമായി ഒരു പ്ലാറ്റുൺ പൊലീസിനെ അനുവദിക്കാൻ തീരുമാനമായത്. പെരുമ്പാവൂരിലെ ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് സേനയുടെ എണ്ണം വർധിപ്പിക്കുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.