തിരുവനന്തപുരം: നിയുക്ത തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ വിളിച്ച് അഭിനന്ദിച്ച് നടൻ മോഹൻലാൽ. 21 വയസിൽ തലസ്ഥാന നഗരത്തിൻ്റെ സാരഥ്യം ഏറ്റെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട ആര്യയ്ക്ക് എല്ലാ ആശംസകളും നേര്‍ന്നു.

നമ്മുക്കെല്ലാം ഇഷ്ടമുള്ള നഗരമാണ് തിരുവനന്തപുരം അതിനെ കൂടുതൽ മനോഹരമാക്കി മാറ്റാനുള്ള സന്ദര്‍ഭമാണിത് - ആര്യയെ അനുമോദിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞു. മുന്നോട്ടുള്ള യാത്രയിൽ എല്ലാ പിന്തുണയും ആശംസകളും നൽകുന്നതായും അടുത്ത വട്ടം തിരുവനന്തപുരത്ത് വരുമ്പോൾ നേരിൽ കാണാമെന്നും ലാൽ ആര്യയ്ക്ക് ഉറപ്പ് നൽകി. 

വീടെവിടെ എന്നു ചോദിക്കുന്നവരോട് മുടവൻ മുഗളിലെ മോഹൻ ലാലിൻ്റെ വീടിനോട് ചേര്‍ന്നാണ് തൻ്റെ വീടെന്നാണ് അടയാളമായി പറയാറെന്ന് ആര്യ മോഹൻലാലിനോട് പറഞ്ഞു. നേരത്തെ മുടവൻമുഗളിലെ വീട്ടിലുണ്ടായിരുന്ന അമ്മ ഇപ്പോൾ തനിക്കൊപ്പം തേവരയിലെ വീട്ടിലായതിനാലാണ് തിരുവനന്തപുരത്തേക്കുള്ള തൻ്റെ വരവ് കുറഞ്ഞതെന്ന് സംഭാഷണത്തിനിടെ ലാലും പറഞ്ഞു. കൊച്ചിയിലാണ് താമസമെങ്കിലും ആര്യ രാജേന്ദ്രൻ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം മുടവൻമുഗൾ വാര്‍ഡിലെ വോട്ടര്‍ കൂടിയാണ് മോഹൻലാൽ.

"