സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടമാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾക്കും അവധി ബാധകമാണ്. കോഴിക്കോട് ജില്ലയില്‍ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരീക്ഷകൾ നടക്കും. കൂടാതെ കണ്ണൂർ ജില്ലയിൽ 3 താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. ​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. വയനാട്, ഇടുക്കി ജില്ലകളില്‍ ദുരുതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്.

അതിശക്തമായ മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻ നിർത്തിയുമാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി നല്‍കിയിരിക്കുന്നത്. 

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജലാശയങ്ങളിലേക്കും മലയോര മേഖലകളിലേക്കും യാത്രകൾ ഒഴിവാക്കുക: മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും വിനോദസഞ്ചാര യാത്രകളും പൂർണ്ണമായും ഒഴിവാക്കുക. പുഴകളിലും അരുവികളിലും ഇറങ്ങരുത്. പുഴകൾ, അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്. ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുണ്ട്.

കരകവിഞ്ഞൊഴുകുന്ന പാലങ്ങളിലോ പുഴയോരങ്ങളിലോ നിന്ന് സെൽഫിയെടുക്കുന്നതും കൂട്ടംകൂടി നിൽക്കുന്നതും ഒഴിവാക്കുക. പൊട്ടി വീണ മരച്ചില്ലകളോ വൈദ്യുതി ലൈനുകളോ കണ്ടാൽ തൊടരുത്. ഉടൻ തന്നെ കെഎസ്ഇബിയെ അല്ലെങ്കിൽ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കുക. ശക്തമായ കാറ്റും ഇടിമിന്നലുമുള്ളപ്പോൾ ജനലുകളിൽ നിന്നും ടെറസിൽ നിന്നും മാറിനിൽക്കുക. 

വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുക. അപകടാവസ്ഥയിലുള്ള വീടുകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശമനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറാൻ മടിക്കരുത്. വാഹനമോടിക്കുമ്പോൾറോഡുകളിൽ വെള്ളക്കെട്ടും റോഡ് തകർച്ചയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളുടെ വേഗത കുറച്ച് ജാഗ്രതയോടെ ഡ്രൈവ് ചെയ്യുക. വെള്ളക്കെട്ടുള്ള റോഡുകളിലൂടെയോ താഴ്ന്ന പാലങ്ങളിലൂടെയോ വാഹനം ഓടിച്ചു പോകാൻ ശ്രമിക്കരുത്.

YouTube video player