കോട്ടയം: നാളെ നിയമസഭ തുടങ്ങാനിരിക്കെ അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയുടെ സഭയിലെ സീറ്റ് പി ജെ ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് മോന്‍സ് ജോസഫിന്‍റെ കത്ത്. പാര്‍ലമെന്‍ററി പാർട്ടി സെക്രട്ടറി എന്ന നിലയിലാണ് മോന്‍സ് ജോസഫ് കത്ത് നല്‍കിയത്. നിയമസഭാ കക്ഷി നേതാവിന്‍റെ സീറ്റ് ജോസഫിന് നല്‍കണമെന്നാണ് ആവശ്യം. 

കേരള കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് വിവാദമാകാവുന്ന പുതിയ തീരുമാനം. 
ലീഡര്‍ മരിച്ചാല്‍ ഡെപ്യൂട്ടി ലീഡര്‍ നിയമസഭാ നേതാവാകുമെന്ന പാര്‍ട്ടി ബൈലോ ചൂണ്ടിക്കാട്ടി താന്‍ തന്നെ നേതാവാകുമെന്ന നിലപാടിലാണ് ജോസഫ്. അതിന് പിന്നാലെയാണ് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. 

പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായ കെ എം മാണിക്ക് നിയമസഭയുടെ മുന്‍നിരയിലായിരുന്നു ഇരിപ്പിടം. ഇത് ജോസഫിന് നല്‍കണമെന്നാണ് കത്ത്. 
പാര്‍ലമെന്‍ററി പാർട്ടി സെക്രട്ടറി ആവശ്യപ്പെട്ടതിനാല്‍ സ്പീക്കര്‍ ഇക്കാര്യം അംഗീകരിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ മാണിയുടെ സീറ്റില്‍ ജോസഫ് ഇരിക്കുകയും മറ്റ് കേരള കോണ്‍ഗ്രസ് എം എംഎല്‍എമാരുടെ സീറ്റുകളില്‍ അതിനനുസരിച്ച് മാറ്റം വരികയും ചെയ്യും. അതേസമയം ജോസ് കെ മാണി വിഭാഗം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.