കാണികൾക്കിടയിൽ നിന്നും വലിയ സ്വീകരണമാണ് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച പ്രമേയത്തിനും അവരുടെ അവതരണത്തിനും ലഭിച്ചത്. പല പഞ്ച് ഡയലോഗുകളും നിറ‍ഞ്ഞ കയ്യടികളോട് തന്നെയാണ് കാണികൾ സ്വീകരിച്ചതും.

ലോത്സവ വേദികളിലെ പ്രധാന ഇനം ഏതെന്ന് ചോദിച്ചാൽ അതിലൊന്ന് മോണോ ആക്ട് ആകും. അതിൽ ആൺകുട്ടികളും പെൺകുട്ടികളും ഹൈസ്കൂള്‍, ഹയർ സെക്കൻഡറി തുടങ്ങി എല്ലാ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും തകർത്തഭിനയിക്കാറുണ്ട്. അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന് കോഴിക്കോട് ഇന്ന് തുടക്കമായപ്പോൾ വേദി നമ്പർ ആറിൽ അരങ്ങേറിയത് പെൺകുട്ടികളുടെ മോണോ ആക്ടാണ്. വേദിയുണർന്നത് തന്നെ പെൺകുട്ടികളുടെ 'ഒച്ച' കേട്ടാണ് എന്ന് വേണം പറയാൻ.

എല്ലാ കാലത്തും സാമകാലിക വിഷയങ്ങൾ അരങ്ങുവാഴുന്ന ഒന്ന് തന്നെയാണ് മോണോ ആക്ട്. ഇക്കുറിയും അതിന് യാതൊരു മാറ്റവും വന്നിട്ടില്ല. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും, കുട്ടികളിലെ ലഹരി ഉപയോഗം വളർത്തുന്ന ആശങ്കയും, സമൂഹത്തിൽ മാറ്റമില്ലാതെ തുടരുന്ന ജാതീയതയും, കൊലപാതക രാഷ്ട്രീയവും എല്ലാം മോണോ ആക്ടിന് വിഷയമായി മാറി.

ആദ്യ മത്സരാർത്ഥി തന്നെ വേദിയിലെത്തിയത് ബിൽക്കിസ് ബാനുവിന്‍റെ കഥ പറഞ്ഞുകൊണ്ടാണ്. വളരെ ശക്തവും വികാര തീവ്രവുമായിട്ടായിരുന്നു അവതരണം. അതോ‌ടെ, ആറാം വേദി അക്ഷരാർത്ഥത്തിൽ ഉണരുക തന്നെയായിരുന്നു. പിന്നീട് വേദിയിലെത്തിയത് കോലത്തുനാട്ടിലൂടെയുള്ള ഒരു സഞ്ചാരമായിരുന്നു. ചരിത്രവും മിത്തും കൊലപാതക രാഷ്ട്രീയമടങ്ങുന്ന വർത്തമാനകാല സാഹചര്യവും മോണോ ആക്ടിന് പ്രമേയമായി.

"നാങ്കളെ കൊത്ത്യാലും
ചോരേല്ലെ ചൊവ്വറെ,
നീങ്കളെ കൊത്ത്യാലും
ചോരേല്ലെ ചൊവ്വറെ..."
എന്ന പൊട്ടൻ തെയ്യത്തിന്‍റെ പറച്ചിലോടെയാണ് മത്സരാർത്ഥി വേദി വിട്ടത്.

കേരളമാകെ ലഹരിവിമുക്ത ബോധവൽക്കരണം നടക്കുന്ന ഈ കാലത്ത് കലോത്സവ വേദികളും അതിനൊപ്പമുണ്ടെന്ന് തെളിയിക്കുന്ന പ്രകടനവുമായാണ് മറ്റ് ചില മത്സരാർത്ഥികൾ സ്റ്റേജിലെത്തിയത്. ഒരിക്കൽ പെട്ടുപോയാൽ ഇറങ്ങി വരാൻ പാടുള്ള കൊടും കുരുക്കാണ് മയക്കുമരുന്നെന്നാണ് വിദ്യാർത്ഥിനികൾ ഓർമ്മിപ്പിച്ചത്.

വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം അവരെ എങ്ങനെ ഇല്ലാതെയാക്കുന്നു എന്നാണ് നാലാമതായി വേദിയിലെത്തിയ മത്സരാർത്ഥി അവതരിപ്പിച്ചത്. മയക്കുമരുന്നിന്‍റെ ലഹരിയിൽ അധ്യാപികയേയും അമ്മയേയും ഉപദ്രവിക്കുന്ന യുവത്വമായി അവൾ വേദിയിൽ നിറഞ്ഞാടി.

എല്ലാക്കാലവും സ്ത്രീകളുടെ ആർത്തവം സമൂഹത്തിന് ഒരു 'തലവേദന' ആയിരുന്നു. സ്ത്രീകളെ അംഗീകരിക്കാത്ത സമൂഹമെങ്ങനെയാണ് അവളുടെ ആർത്തവത്തെ അംഗീകരിക്കുന്നത്. ഏതായാലും പെൺകുട്ടികളുടെ മോണോ ആക്ടിൽ അതിനെതിരെയും വലിയ രീതിയിൽ ശബ്ദം ഉയർത്തപ്പെട്ടു. 'പ്രിയപ്പെട്ട ആണുങ്ങളേ... നിങ്ങളാണിത് കേൾക്കേണ്ടത്, നിങ്ങളോടാണിത് പറയുന്നത്' എന്ന് പറഞ്ഞുകൊണ്ടാണ് ഈ പ്രമേയത്തിലുള്ള മോണോ ആക്ട് അവസാനിച്ചത്.

കാണികൾക്കിടയിൽ നിന്നും വലിയ സ്വീകരണമാണ് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച പ്രമേയത്തിനും അവരുടെ അവതരണത്തിനും ലഭിച്ചത്. പല പഞ്ച് ഡയലോഗുകളും നിറ‍ഞ്ഞ കയ്യടികളോട് തന്നെയാണ് കാണികൾ സ്വീകരിച്ചതും.

കൂടുതല്‍ വായനയ്ക്ക്: സ്കൂള്‍ കലോത്സവം; പതിനാറ് കൊല്ലത്തിനിടെ ആകെ കിട്ടിയത് ഒരു മെഡല്‍ എന്ന് കളി പറഞ്ഞ് പഴയിടം