'മോന്‍സന്‍ മാവുങ്കലിന് നൽകിയത് 10 കോടി രൂപയെന്ന് പരാതിക്കാരൻ അനൂപ് മുഹമ്മദ് പറഞ്ഞു. ഇത് നൽകിയത് പ്രമുഖരുടെ സാന്നിധ്യത്തിലാണ്. മോൻസന്‍റെ ഉന്നത ബന്ധങ്ങൾ കണ്ടാണ് പണം നൽകിയത്'.

കൊച്ചി: ആഡംബര കാറുകള്‍ വാങ്ങിയും മോന്‍സന്‍റെ (Monson Mavunkal) തട്ടിപ്പ്. എട്ട് ആഡംബര കാറുകള്‍ വാങ്ങി രണ്ട് കോടിയിലധികം പറ്റിച്ചെന്ന് ബെംഗളൂരുവിലെ വ്യവസായി ത്യാഗരാജന്‍ (thyagarajan) പറഞ്ഞു. ഒരു രൂപ പോലും മോന്‍സന്‍ തനിക്ക് നല്‍കിയില്ല. മോന്‍സന്‍റെ പുറം മോടിയില്‍ വീണുപോയെന്നും ത്യാ​ഗരാജന്‍ പറഞ്ഞു. ബെം​ഗളൂരു പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് ത്യാ​ഗരാജന്‍.

അതേസമയം മോന്‍സന്‍ മാവുങ്കലിന് നൽകിയത് 10 കോടി രൂപയെന്ന് പരാതിക്കാരൻ അനൂപ് മുഹമ്മദ് പറഞ്ഞു. ഇത് നൽകിയത് പ്രമുഖരുടെ സാന്നിധ്യത്തിലാണ്. മോൻസന്‍റെ ഉന്നത ബന്ധങ്ങൾ കണ്ടാണ് പണം നൽകിയത്. ഇനി പണം തിരികെ കിട്ടുമെന്ന് പ്രതീക്ഷയില്ല. കെ സുധാകരൻ ഉൾപ്പെടെയുള്ളവർ അവിടെ സ്ഥിരം സന്ദർശകരായിരുന്നെന്നും അനൂപ് പറഞ്ഞു.

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിലെ കസ്റ്റംസ് പരിശോധന പൂർത്തിയായി. വിദേശ നിർമ്മിത വാഹനങ്ങളുടെ രേഖ കസ്റ്റംസ് ശേഖരിച്ചു. പത്ത് വാഹനങ്ങളുടെ വിശദാംശങ്ങളാണ് കസ്റ്റംസ് ശേഖരിച്ചത്. ആഡംബര വാഹനങ്ങൾ വിദേശത്ത് നിന്ന് ഇറക്കിയതാണോയെന്ന് അന്വേഷിക്കും. പ്രാഥമിക പരിശോധനയാണ് നടക്കുന്നതെന്നും കസ്റ്റംസ് പറഞ്ഞു. പുരവാസ്തുക്കളുടെ രേഖ ഹാജരാക്കാനും കസ്റ്റംസ് മോന്‍സനോട് ആവശ്യപ്പെട്ടു. മോന്‍സന്‍റെ വീട്ടില്‍ വനംവകുപ്പ് പരിശോധന തുടരുകയാണ്. മോന്‍സന്‍ മാവുങ്കലിനെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.