Asianet News MalayalamAsianet News Malayalam

Monson Mavunkal : ' പിറന്നാൾ നൃത്തത്തിന് കിട്ടിയത് ചെറിയ തുക'; മോൻസൻ കേസിൽ ശ്രുതി ലക്ഷ്മിയെ ചോദ്യം ചെയ്തു

മോൻസന്റെ വീട്ടിൽ നടന്ന പിറന്നാൾ നൃത്ത പരിപാടിയിൽ ശ്രുതി സജീവമായിരുന്നു. മുടി കൊഴിച്ചലിന് ശ്രുതി മോൻസൻ്റെ അടുത്ത് ചികിത്സ നടത്തിയെന്ന വിവരവും പുറത്ത് വന്നിരുന്നു. 

Monson Mavunkal Case Actress sruthi lakshmi interrogated by ED
Author
Kochi, First Published Dec 28, 2021, 7:45 PM IST

കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ (Monson Mavunkal കള്ളപ്പണ കേസിൽ നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്സ്മെന്‍റ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്യൽ നീണ്ടു നിന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ മോൻസനുമായി സാമ്പത്തിക ഇടപാടില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. പിറന്നാളിന് നൃത്തം അവതരിപ്പിച്ചതിന് ചെറിയ തുക മാത്രമാണ് കിട്ടിയതെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കി.

മോൻസന്റെ വീട്ടിൽ നടന്ന പിറന്നാൾ നൃത്ത പരിപാടിയിൽ ശ്രുതി സജീവമായിരുന്നു. മുടി കൊഴിച്ചലിന് ശ്രുതി മോൻസൻ്റെ അടുത്ത് ചികിത്സ നടത്തിയെന്ന വിവരവും പുറത്ത് വന്നിരുന്നു. മോൺസൺ മാവുങ്കലിനെതിരായ കള്ളപ്പണ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

പുരാവസതു തട്ടിപ്പിലൂടെ മോൻസൻ തട്ടിയ കോടികൾ സുഹൃത്ത് സംഘത്തിനും ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി കണക്ക് കൂട്ടുന്നത്. മോൻസനുമായി ശ്രുതി ലക്ഷ്മി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ വ്യക്തതയുണ്ടാക്കാനാണ്  നടിയെ വിളിച്ച് വരുത്തിയത്. തൃശ്ശൂർ കരീച്ചിറയിൽ  ശ്രുതി ലക്ഷ്മി നടത്തുന്ന ബ്യൂട്ടി പാർലറിൽ മോൻസന്‍റെ സാമ്പത്തിക നിക്ഷേപം ഉണ്ടോ എന്നതടക്കം ഇഡി പരിശോധിക്കുന്നുണ്ട്. 

ഇവിടെവെച്ച് മോൻസന്‍റെ പുരാവസതു തട്ടിപ്പ് കേസിലെ കൂട്ട് പ്രതി ജിഷ്ണുവിന്‍റെ പിറന്നാൾ ആഘോഷമടക്കം സംഘടിപ്പിച്ചിരുന്നു. എന്നാൽ ഡാൻസർ എന്ന നിലയിൽ മോൻസൻ ക്ഷണിച്ചപ്പോൾ നൃത്തം അവസരിപ്പിച്ചതല്ലാതെ മറ്റ് പുരാവസ്തു ഇടപാടുകളിൽ താൻ പങ്കാളിയല്ലെന്നാണ് ശ്രുതി മൊഴി നൽകിയിട്ടുള്ളത്. മോൻസനുമായി ബന്ധപ്പെട്ട മറ്റ് കൂടുതൽ ആളുകളെ ഇഡി വരും ദിവസം ചോദ്യം ചെയ്യും. ക്രൈം ബ്രാ‌ഞ്ച് നടത്തിയ അന്വേഷണ വിവരങ്ങളും മൊഴികളും കൈമാറണമെന്ന് നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ സർക്കാർ കൈമാറിയിട്ടില്ലെന്ന് ഇ‍ഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios