മോൻസന്റെ തട്ടിപ്പുകൾക്ക് സഹായം ചെയ്യാൻ  ഐജി കൂട്ടുനിന്നുവെന്ന് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. എഡിജിപി ടി  കെ വിനോദ് കുമാറാണ് വകുപ്പ് തല അന്വേഷണം നടത്തിയത്.

തിരുവനന്തപുരം: പുരാസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിൽ ഐജി ഗുഗുലോത്ത് ലക്ഷ്മണിനെതിരെ വകുപ്പുതല റിപ്പോർട്ട്. മോൻസന്റെ തട്ടിപ്പുകൾക്ക് സഹായം ചെയ്യാൻ ഐജി കൂട്ടുനിന്നുവെന്ന് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. എഡിജിപി ടി കെ വിനോദ് കുമാറാണ് വകുപ്പ് തല അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് ഡിജിപി ചീഫ് സെക്രട്ടറിക്ക് കൈമാറി. അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ലക്ഷ്മണിന്റെ എഡിജിപി സ്ഥാനക്കയറ്റം തടഞ്ഞുവച്ചിരിക്കുന്നത്.

അതിനിടെ, മോൻസൻ മാവുങ്കല്‍ കേസിൽ ഈ മാസം 23 വരെ ഹാജരാകാനാകില്ലെന്ന് കെ സുധാകരൻ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. അതേസമയം, പരാതിക്കാരൻ അനൂപ് മുഹമ്മദ് പണം നൽകിയ ദിവസം മോൻസന്‍റെ വീട്ടിൽ കെ സുധാകരൻ എത്തിയതിന് ഡിജിറ്റല്‍ രേഖകള്‍ തെളിവാക്കുകയാണ് ക്രൈംബ്രാഞ്ച്. ഗാഡ്ജെറ്റുകളില്‍ നിന്ന് വീണ്ടെടുത്ത ഫോട്ടോകളാണ് സുധാകരന്‍റെ സാന്നിധ്യം ഉറപ്പിക്കാന്‍ ക്രൈംബ്രാഞ്ച് അടിസ്ഥാനമാക്കിയത്. 2018 നവംബർ 22 ന് ഉച്ചക്ക് 2 മണിക്കാണ് പരാതിക്കാരൻ മോൻസന് പണം നൽകിയത്. അതേസമയം, കേസില്‍ ഐജി ലക്ഷ്മണയ്ക്കും മുൻ ഡിഐജി സുരേന്ദ്രനും ക്രൈംബ്രാഞ്ച് ഇന്ന് നോട്ടീസ് അയച്ചേക്കും.

മോൻസൻ മാവുങ്കൽ കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ രണ്ടാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് കേസിൽ മൂന്നാം പ്രതിയായിട്ടാണ് ഐജി ലക്ഷ്മണയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ ഡിഐജി സുരേന്ദ്രൻ നാലാം പ്രതിയാണ്. മോൻസനുമായുളള പണമിടപാടിൽ ഇരുവർക്കും പങ്കുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

Also Read : കെ സുധാകരൻ പറയുന്നതെല്ലാം കളവ്, പണം കൈപ്പറ്റിയിട്ടുണ്ട്: പരാതിക്കാരൻ ഷെമീർ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം....

YouTube video player