Asianet News MalayalamAsianet News Malayalam

മൺസൂൺ മഴ അഞ്ച് ദിവസം വൈകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ആന്റമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾക്ക് സമീപത്തായി മൺസൂൺ മഴയ്ക്കായി കാലവസ്ഥാ സാഹചര്യങ്ങൾ മാറിത്തുടങ്ങിയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 

Monsoon delayed by five days, likely to hit Kerala on June 6: IMD
Author
Thiruvananthapuram, First Published May 15, 2019, 5:06 PM IST

തിരുവനന്തപുരം: തെക്കു-കിഴക്കൻ മൺസൂൺ മഴക്കാലം അഞ്ച് ദിവസം വൈകിയേ എത്തൂവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ആന്റമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾക്ക് സമീപത്തായി മൺസൂൺ മഴയ്ക്കായി കാലവസ്ഥാ സാഹചര്യങ്ങൾ മാറിത്തുടങ്ങിയെന്നും അറിയിപ്പിൽ ഉണ്ട്. ജൂൺ ഒന്നിനാണ് സാധാരണ മഴ എത്തേണ്ടത്. എന്നാൽ ഇക്കുറി അഞ്ച് ദിവസം വൈകുമെന്നാണ് അറിയിപ്പ്.

കേരള തീരത്ത് ജൂൺ ആറിന് മഴ പെയ്ത് തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് നാല് ദിവസം കൂടി വൈകാനോ നാല് ദിവസം നേരത്തെ പെയ്യാനോ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 18-19 ഓടുകൂടി ആന്റമാൻ-നിക്കോബാർ മേഖലകളിൽ മഴ പെയ്തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇക്കുറി ജൂൺ നാലിന് കേരളത്തിൽ മൺസൂൺ മഴക്കാലം തുടങ്ങുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈമെറ്റ് ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ. മെയ് 22 ന് മൺസൂൺ മഴ പെയ്ത് തുടങ്ങും. എന്നാൽ ഇന്ത്യയിൽ നാല് മേഖലകളിലും ശരാശരിയിൽ കുറവ് മഴ മാത്രമേ ലഭിക്കൂവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുടെ കിഴക്ക്, വടക്കുകിഴക്ക്,മധ്യ മേഖലകളിലുള്ള സംസ്ഥാനങ്ങളിൽ ദക്ഷിണേന്ത്യയിൽ ലഭിക്കുന്നതിനേക്കാൾ വളരെ കുറവ് മഴ മാത്രമേ ലഭിക്കൂ. കഴിഞ്ഞ ആഴ്ച സ്കൈമെറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ ശരാശരി മഴ ലഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ മാറിയ കാലാവസ്ഥാ സാഹചര്യങ്ങളിൽ കുറവ് മഴ മാത്രമേ ലഭിക്കൂവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios