Asianet News MalayalamAsianet News Malayalam

'കുടയെടുക്കാൻ മറക്കരുത്', 4 ദിവസം മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശത്ത് ജാഗ്രതാ നി‍‍‍ർദേശം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ അടുത്ത 4 ദിവസം യെല്ലോ അലർട്ട്, ഇന്ന് തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പ്

Monsoon strengthens, Yellow alert in Kerala, High wave alert continues in Coastal belt
Author
Thiruvananthapuram, First Published Jul 2, 2022, 1:14 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ സാധ്യത. അടുത്ത 4 ദിവസത്തേക്ക് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം ഇന്ന് 13 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒഴിച്ചുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. വടക്കൻ കേരളത്തിൽ ആയിരിക്കും കൂടുതൽ മഴ ലഭിക്കുക. അറബിക്കടലിൽ  പടിഞ്ഞാറൻ കാറ്റ് വരും ദിവസങ്ങളിൽ ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. മെയ്‌ 29 ന്  കാലവർഷം തുടങ്ങിയതിന് ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വ്യാഴാഴ‍്‍ചയാണ്. കാസർകോട് ജില്ലയിലെ ഉപ്പളയിലാണ് വ്യാഴാഴ‍്‍ച കൂടുതൽ മഴ രേഖപ്പെടുത്തിയത്. 

അതിനിടെ, സംസ്ഥാനത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരദേശ മേഖലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ രാത്രി 11.30 വരെ കേരള തീരത്ത് 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. 

തീരദേശത്തുള്ളവർ ഇനി പറയുന്ന നിർദേശങ്ങൾ പാലിക്കണം

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
 
2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം.
വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാൻ സഹായിക്കും. 

3. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.

Follow Us:
Download App:
  • android
  • ios