എൽ-നിനോ പ്രതിഭാസം മൺസൂണിനെ ബാധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വേനൽ മഴക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് കൂടുകയാണ്.

തിരുവനന്തപുരം: ഇത്തവണ തെക്ക്- പടിഞ്ഞാറൻ കാലവർഷം ദുർബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ സംസ്ഥാനങ്ങളിലും മഴ കുറയുമെന്ന് പ്രാഥമിക വിലയിരുത്തൽ. എൽ-നിനോ പ്രതിഭാസം മൺസൂണിനെ ബാധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വേനൽ മഴക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് കൂടുകയാണ്. കേരളത്തിൽ ഇന്ന് മുതൽ 14-ാം തീയതി വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട്, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.