അട്ടപ്പാടിയിൽ വന്‍ തോതിൽ ഭൂമിയുണ്ടെന്ന കുടുംബത്തിന്‍റെ അവകാശവാദം തെളിയിക്കാനുള്ള ഒരു രേഖയുമില്ലെന്ന് ഉത്തരവിൽ റവന്യൂ വകുപ്പ് വ്യക്തമാക്കിയിരുന്നു.
അഗളി: അട്ടപ്പാടിയിൽ വന്‍ തോതിൽ ഭൂമിയുണ്ടെന്ന് മൂപ്പിൽ നായര്‍ കുടുംബത്തിന്‍റെ അവകാശവാദത്തിന് ഒരു തെളിവുമില്ലെന്ന റവന്യൂ വകുപ്പിന്‍റെ ഉത്തരവുണ്ടായിട്ടും 575 ഏക്കര്‍ ഭൂമി കുടുംബം വിറ്റതിൽ നടപടിയില്ല. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മൂപ്പിൽ നായര്‍ കുടുംബാംഗത്തിന്‍റെ വാദം കേട്ട ശേഷമാണ് റവന്യു പ്രിന്‍സിപ്പിൽ സെക്രട്ടറി ജൂലൈയിൽ ഉത്തരവ് ഇറക്കിയത്. അതിനിടെ ഈ മാസവും കുടുംബാംഗങ്ങള്‍ കോട്ടത്തറ വില്ലേജിൽ ഭൂമി വിറ്റു.
അട്ടപ്പാടിയിൽ ഭൂമി അന്യാധീനപ്പെടുത്തുന്നതിനെക്കുറിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിൽ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുപ്പിൽ നായര്‍ കുടുംബാംഗം കെ.എം ശശീന്ദ്രൻ ഉണ്ണി 2014 ൽ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. ഒരു നിരീക്ഷണവും നടത്താതെ സിംഗിള്‍ ബെഞ്ച് പരാതിക്കാരന്‍റെ വാദം കേട്ട് തീരുമാനെടുക്കാൻ ചീഫ് സെക്രട്ടറിയോട് 2024 ജനുവരിയിൽ നിര്‍ദ്ദേശിച്ചു. പരാതിക്കാരന്‍റെ വാദം വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഏപ്രിൽ 15ന് റവന്യു ഡെപ്യൂട്ടി സെക്രട്ടറി കേട്ടു. സര്‍ക്കാര്‍ ആവശ്യപ്പെടത് അനുസരിച്ച് രേഖകള്‍ പരാതിക്കാരൻ അയച്ചു കൊടുത്തു.
എന്നാൽ അട്ടപ്പാടിയിൽ വന്‍ തോതിൽ ഭൂമിയുണ്ടെന്ന കുടുംബത്തിന്‍റെ അവകാശവാദം തെളിയിക്കാനുള്ള ഒരു രേഖയുമില്ലെന്ന് ഉത്തരവിൽ റവന്യൂ വകുപ്പ് വ്യക്തമാക്കുന്നു. പകരം മൂപ്പിൽ സ്ഥാനത്തെക്കുറിച്ച് പരമാര്‍ശമുള്ള മലബാര്‍ ഗസറ്റിലെ പകര്‍പ്പാണ് കിട്ടിയത്. ഇനി രേഖയുണ്ടെങ്കിൽ തന്നെ ഭൂപരിഷ്കരണ നിയമ പ്രകാരം ഭൂപരിധി കഴിഞ്ഞുള്ള സ്ഥലം പരാതിക്കാരന് കൈവശം വയ്ക്കാനാവില്ല. ഇനി വന്‍ തോതിൽ ഭൂമിയുണ്ടെന്ന് പരാതിക്കാരൻ സ്ഥാപിച്ചാലും പരിധി കഴിഞ്ഞുള്ള സ്ഥലം ഭൂപരിഷ്കരണ നിയമത്തില വകുപ്പ് 83 പ്രകാരം സര്‍ക്കാര്‍ ഏറ്റെടുക്കും.
അതിനാൽ അട്ടപ്പാടിയിൽ വന്‍ തോതിൽ ഭൂമിയുണ്ടെന്ന് അവകാശവാദം നിൽനില്‍ക്കില്ലെന്ന വ്യക്തമാക്കിയാണ് റവന്യു പ്രിന്‍സിപ്പിൽ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ജൂലൈ 11ന് ഉത്തരവ് ഇറക്കിയത്. എന്നിട്ടാണ് കോട്ടത്തറ വില്ലേജിൽ 575 ഏക്കര്‍ വിറ്റിട്ടും റവന്യൂ വകുപ്പ് ഒരു അന്വേഷണവും നടത്താത്തത്. ഇതിൽ 33 ഓഹരിയുണ്ടെന്നാണ് കുടുംബത്തിന്‍റെ അവകാശവാദം. കഴിഞ്ഞ 29നും ഇതേ ഭൂമിയിൽ 20 ആധാരങ്ങള്‍ അഗളി സബ് രജിസ്ട്രാര്‍ ഓഫീസിൽ റജിസ്തര്‍ ചെയ്തു.
കുടുംബത്തിലെ രണ്ടു പേരാണ് ഭൂമി വിറ്റത്. കഴിഞ്ഞ 12നും 40 ആധാരങ്ങള്‍ രജിസ്തര്‍ ചെയ്തു. ഭൂമി കൈമാറിയത് ഏഴു പേരാണ്. ഈ മാസം ആദ്യവും കഴിഞ്ഞ മാസം അവസാനവും കുടുംബത്തിലെ 19 പേര്‍ ഭൂമി കൈമാറി. പോക്കുവരവ് നടത്തിയില്ലെന്നതിന് അപ്പുറം നടപടികളിലേയ്ക്ക് റവന്യൂ വകുപ്പ് കടക്കുന്നില്ല. രജിസ്ട്രേഷൻ മന്ത്രി ഉത്തരവിട്ട അന്വേഷണം തുടരുമ്പോഴും അഗളിയിൽ അധാരം രജിസ്ട്രേഷൻ തുടരുകയാണ്.
അട്ടപ്പാടിയിൽ ഭൂമി കയ്യേറ്റം കണ്ടെത്താൻ ഉന്നത തല സംഘത്തെ നിയോഗിക്കണമെന്ന് ആദിവാസി പുനരധിവാസ വികസന മിഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷ റിപ്പോര്‍ട്ട് കിട്ടി ഏഴു മാസമായിട്ടും സര്‍ക്കാര്‍ അടയിരിക്കുകയാണ്.


