കൊച്ചി: സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിനും വീഡിയോ ചിത്രീകരണത്തിനുമെതിരെ കേരള പൊലീസിന്‍റെ മീഡിയ സെല്ലിന്‍റെ പോസ്റ്റ്.  സേവ് ദ ഡേറ്റ് ആയിക്കോളൂ... കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം ഇത് കാണുന്നുണ്ടെന്നായിരുന്നു പൊലീസ് മീഡിയ സെല്ലിന്‍റെ ഫേസ്ബുക്ക് പേജില്‍ ഗ്രാഫിക് കാര്‍ഡ് ഡിസൈന്‍ ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളാ പൊലീസ്, കേരളാ പൊലീസ് ചീഫ് എന്നീ ടാഗും പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്.

കേരളാ പൊലീസിന്‍റേത് സദാചാര പൊലീസിങ്ങാണെന്നാണെന്ന വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. കേരളത്തിന്‍റെ സദാചാരം പൊലീസിന്‍റെ കൈകളില്‍ ഭദ്രമാണെന്ന ട്രോള്‍ കമന്‍റുകളും വരുന്നുണ്ട്. ബൈക്ക് യാത്രികനെ ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തിയ സംഭവമടക്കം പൊലീസിന്‍റെ വീഴ്ചകളാണ് കമന്‍റായി പലരും രേഖപ്പെടുത്തുന്നത്.

ആദ്യം കമന്‍റുകള്‍ക്ക് മറുപടി നല്‍കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നിമിഷങ്ങള്‍ക്കകം പോസ്റ്റ് വിവാദമായതോടെ പിന്‍വലിഞ്ഞു.അതേസമയം പോസ്റ്റ് പിന്‍വലിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. അടുത്തിടെ വന്ന വൈറലായ ഫോട്ടോഷോട്ടുകളാണ് പൊലീസിന്‍റെ സദാചാര പോസ്റ്റിന് പിന്നിലെന്നാണ് കമന്‍റുകളില്‍ ചിലര്‍ കുറിക്കുന്നത്.