യുവതിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം മോശം  കമൻറടിച്ചത്

കണ്ണൂർ: തലശ്ശേരി പയ്യാമ്പലം ബീച്ചിൽ യുവതിക്ക് നേരെ യുവാക്കളുടെ സദാചാര ആക്രമണം. രണ്ട് പേർ പിടിയിൽ. ബീച്ചിൽ വെച്ച് എന്തിനാണ് ഇവിടെയിരിക്കുന്നതെന്ന് ചോദിച്ചാണ് സംഘം പെൺകുട്ടിയെ ആക്രമിച്ചത്. ഇവരുടെ മോശം കമന്‍റിനെ ചോദ്യം ചെയ്ത പെൺകുട്ടിയെ യുവാക്കൾ ഇടിയ്ക്കുകയും കടൽഭിത്തിയിൽ നിന്ന് നിലത്ത് തള്ളി താഴെയിടുകയായിരുന്നു. ആക്രമണത്തിൽ ഇടത് കൈ ഒടിഞ്ഞ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സംഭവമുണ്ടായത്. യുവതിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം മോശം കമൻറടിച്ചത്. പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ്, ചിറക്കൽ സ്വദേശി നവാസ് എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ സ്ത്രീകൾക്കെതിരായ അക്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി.