തൃക്കുന്നപ്പുഴ സ്വദേശി ശരണ്യയുടെയും ഇതേസ്ഥലത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനായ വിഷ്ണുവിന്‍റെയും വിവാഹം വീട്ടുകാരാണ് ഉറപ്പിച്ചത്. ഇരുവരുടെയും രണ്ടാംവിവാഹമായിരുന്നു. വിവാഹത്തിന് ആഴ്ചകൾ മാത്രമുള്ളപ്പോഴാണ് തൃക്കുന്നപ്പുഴ സ്റ്റേഷനിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ട് മേലുദ്യോഗസ്ഥർ‍ക്ക് ലഭിച്ചത്.

ആലപ്പുഴ: പൊലീസ് സേനയിലെ സദാചാര പൊലീസിങ്ങിന്‍റെ ഇരയാണ് ആലപ്പുഴയിൽ ജോലി ചെയ്യുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ വിഷ്ണു. വിവാഹം ഉറപ്പിച്ച സ്ത്രീയെ കാണാൻ അവരുടെ സ്ഥാപനത്തിൽ പോയതും സ്വകാര്യ വാഹനത്തിൽ ഒരുമിച്ച് യാത്ര ചെയ്തതുമൊക്കെ പെരുമാറ്റ ചട്ടലംഘനമാണെന്ന പേരിൽ നടപടി നേരിടേണ്ടിവന്നു. അച്ചടക്കനടപടി ഒഴിവാക്കാൻ മേലുദ്യോഗസ്ഥരെ സമീപിച്ചപ്പോൾ മോശം അനുഭവമാണ് നേരിട്ടതെന്ന് വിഷ്ണുവിന്‍റെ ഭാര്യ ശരണ്യ പറയുന്നു.

തൃക്കുന്നപ്പുഴ സ്വദേശി ശരണ്യയുടെയും ഇതേസ്ഥലത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനായ വിഷ്ണുവിന്‍റെയും വിവാഹം വീട്ടുകാരാണ് ഉറപ്പിച്ചത്. ഇരുവരുടെയും രണ്ടാംവിവാഹമായിരുന്നു. വിവാഹത്തിന് ആഴ്ചകൾ മാത്രമുള്ളപ്പോഴാണ് തൃക്കുന്നപ്പുഴ സ്റ്റേഷനിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ട് മേലുദ്യോഗസ്ഥർ‍ക്ക് ലഭിച്ചത്.

റിപ്പോർട്ടിലെ കണ്ടെത്തൽ ഇങ്ങനെയായിരുന്നു - ശരണ്യയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിൽ വിഷ്ണു കയറി ഇറങ്ങുന്നു, സ്വകാര്യ വാഹനത്തിൽ ഒരുമിച്ച് യാത്ര ചെയ്യുന്നു, നാട്ടുകാർ ഇത് ചോദ്യം ചെയ്യാൻ സാധ്യയയുണ്ട്, പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന പെരുമാറ്റത്തിൽ നടപടി വേണം. റിപ്പോർട്ട് പരിഗണിച്ച് മാവേലിക്കര സ്വദേശിയായ വിഷ്ണുവിനെ അരൂർ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.

ജോലിക്കിടെ നട്ടെല്ലിന് പരിക്കേറ്റ വിഷ്ണുവിന് ദൂരയാത്ര പ്രയാസമുണ്ട്. ദിവസേന നൂറ് കിലോമീറ്ററിലധികം യാത്ര ചെയ്ത്, അരൂരിൽ സ്റ്റേഷനിലേക്ക് പോകാൻ കഴിയാത്ത സ്ഥിതിയായി. ഇതോടെ നീണ്ട അവധിയിൽ പ്രവേശിച്ചു. അച്ചടക്ക നടപടി ഒഴിവായി കിട്ടാൻ മുഖ്യമന്ത്രി മുതൽ വനിതാ കമ്മീഷനിൽ വരെ ശരണ്യ പോയി. 

വിവാഹശേഷവും ശരണ്യയെ വിളിച്ചുവരുത്തി, മൊഴി എടുക്കൽ അടക്കം സ്പെഷ്യ‌ൽ ബ്രാഞ്ച് തുട‍ർന്നു. ശരണ്യയുടെ പരാതിയിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഇടപെട്ടതോടെയാണ് വിഷ്ണുവിനെതിരായ നടപടി ഉന്നത ഉദ്യോഗസ്ഥ‍ർ അവസാനിപ്പിച്ചത്. എന്നാൽ ഭീഷണിപ്പെടുത്തി പരാതികളെല്ലാം പിൻവലിപ്പിക്കുകയും ചെയ്തു.