Asianet News MalayalamAsianet News Malayalam

സഭാതർക്കത്തിൽ ഓർത്തഡോക്സ് സഭാ തലവന് മുന്നറിയിപ്പുമായി പാത്രിയർക്കീസ് ബാവ

ആഗോള സുറിയാനി സഭയുടെ തലവനാണ് താൻ. തന്റെ ആത്മീയാധികാരത്തെ ഓർത്തഡോക്സ് വിഭാഗം അംഗീകരിക്കണം. അല്ലെങ്കിൽ ഓർത്തഡോക്സ് വിഭാഗത്തിന് നിയമപരമായ നിലനിൽപ്പില്ലെന്നും കത്തിൽ പറയുന്നു. 

moran mor Ignatius Aphrem II patriarch bava warned orthodox sabha
Author
Kochi, First Published Oct 8, 2019, 11:27 AM IST

കൊച്ചി: സുപ്രീംകോടതി ഉത്തരവിനെതുടർന്ന് പിറവം അടക്കമുളള പളളികൾ ഓർത്തോഡോക്സ് വിഭാഗം പിടിച്ചെടുത്തതിനുപിന്നാലെ നി‍ർണായക നീക്കവുമായി യാക്കോബായ സഭ. ആഗോള സുറിയാനി സഭയുടെ തലവാനായി തന്നെ അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗത്തിന് സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ കത്തയച്ചു. മലങ്കര സഭയിലെ സമാധാന ശ്രമങ്ങളെ തകർത്തത് ഓർത്ത‍ഡോക്സ് വിഭാഗമാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.

പിറവം പളളി പിടിച്ചെടുത്ത് ഓ‍ർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയതിന് പിന്നാലെയാണ് അതൃപ്തിയറിയിച്ച് പാത്രയർക്കീസ് ബാവ ദമാസ്കസിൽ നിന്ന് കത്തയിച്ചിരിക്കുന്നത്. ആഗോള സുറിയാനി സഭയുടെ തലവൻ താനാണ്. തന്‍റെ ആതമീയാധികാരത്തെ ഓർത്ത‍ഡോക്സ് വിഭാഗം അംഗീകരിക്കണം. അല്ലെങ്കിൽ സുറിയാനി സഭയെന്ന നിലയിൽ ഓർത്തഡോക്സ് വിഭാഗത്തിന് നിയമപരമായ നിലനിൽപ്പില്ലെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നു. 

Read More:പിറവം പള്ളിയിൽ സംഘർഷം: ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ നേർക്കുനേർ

അന്ത്യോക്യയുമായി ആൽമീയ ബന്ധമില്ലെന്ന നിലപാട് ഓർത്ത‍ഡോക്സ് വിഭാഗം തിരുത്തണം. ഇരുവിഭാഗങ്ങളും തമ്മിൽ സമാധാനമുണ്ടാകണമെന്നും ചർച്ച വേണമെന്നും താൻ തന്നെയാണ് ആവശ്യപ്പെട്ടത്. എന്നാൽ ആ നീക്കങ്ങളെ തകർത്തത് ഓർത്ത‍ഡോക്സ് വിഭാഗമാണ്. പാത്രയർക്കീസ് ബാവയെന്ന നിലയിൽ ആൽമീയ തലവനായി തന്നെ അംഗീകരിക്കുന്നുണ്ടോയെന്ന് ഓർത്ത‍ഡോക്സ് സഭ വ്യക്തമാക്കണമെന്നും പാത്രയർക്കീസ് ബാവ കത്തിലൂടെ ആവശ്യപ്പെടുന്നു.

മലങ്കരസഭയിലെ പളളികൾ സംബന്ധിച്ച് സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് വന്നെങ്കിലും പുതിയൊരു വാദ മുഖം തുറക്കാനാണ് യാക്കോബായ സഭയുടെ നീക്കമെന്നാണ് വിവരം. മലങ്കര സഭയിലെ പളളികൾ 1934 ലെ സഭാ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. എന്നാൽ സഭയുടെ ആൽമീയ പ്രതിപുരുഷനായി അന്തോക്യയിലെ പാത്രയർക്കീസ് ബാവയെ അംഗീകരിക്കുന്നുവെന്നാണ് ഈ ഭരണ ഘടനയുടെ ആദ്യഭാഗത്ത് തന്നെ പറയുന്നത്. പാത്രയർക്കീസ് ബാവയെ ഓർത്തഡോക്സ് വിഭാഗം അംഗീകരിക്കുന്നില്ലെങ്കിൽ ഈ ഭരണഘടനയ്ക്കുതന്നെ നിലനിൽപ്പില്ലെന്ന വാദമുഖം ഉയർത്താനാണ് യാക്കോബായ വിഭാഗത്തിന്‍റെ ശ്രമം.

"

പിറവം പള്ളിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പട്ട് ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിൽ വൻ സം​ഘർഷമാണുണ്ടായത്. പള്ളിയിൽ കയറി പ്രാർത്ഥന നടത്താൻ അനുവദിക്കില്ലെന്ന യാക്കോബായ സഭയുടെ മുന്നറിയിപ്പിനെ സുപ്രീംകോടതി വിധി നേടി ഓർത്തഡോക്സ് വിഭാ​ഗം തള്ളി. തുടർന്ന് വൻ പൊലീസ് സന്നാഹത്തോടെ ഓർത്തഡോക്സ് വിഭാ​ഗക്കാർ പള്ളിയിൽ കയറി പ്രാർത്ഥന നടത്തുകയായിരുന്നു. 

എന്താണ് പിറവം പള്ളിത്തർക്കം?

മലങ്കര സഭയിലെ പുരാതന പള്ളികളിലൊന്നാണ് പിറവം സെന്‍റ് മേരീസ് പള്ളി. സഭാസ്വത്തുക്കൾ സംബന്ധിച്ച് യാക്കോബായ - ഓർത്തഡോക്സ് തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. 2018 ഏപ്രിൽ 18-ന് പിറവം പള്ളി അവകാശം സംബന്ധിച്ച് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. കോടതിവിധിയെത്തുടർന്ന് ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും പലവട്ടം ശ്രമം നടത്തിയെങ്കിലും യാക്കോബായ വിഭാഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ വിധി നടപ്പാക്കാന്‍ വൈകി. തുടർന്ന് കഴിഞ്ഞമാസം 29ന് ഓർത്തഡോക്സ് വിഭാ​ഗക്കാർ പള്ളിയിൽ കയറി പ്രാർത്ഥന നടത്തി.

ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ നേർക്കുനേർ

സുപ്രീംകോടതി വിധി പ്രകാരം പിറവം സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. പള്ളിയിൽ പ്രവേശിക്കുകയും ആരാധന നടത്തുകയും ചെയ്യുമെന്ന ഉറച്ച നിലപാടിലായിരുന്നു ഓർത്തഡോക്സ് വിഭാഗം. ‌ഇതേത്തുടർന്ന് ഓർത്തഡോക്സ് വിഭാ​ഗക്കാർ പള്ളിക്ക് പുറത്ത് പന്തൽക്കെട്ടി പ്രതിഷേധസമരം സംഘടിപ്പിച്ചു. എന്നാൽ, എന്ത് വന്നാലും ഈ നീക്കം അനുവദിക്കില്ലെന്ന് വ്യക്തമാക്കി പള്ളി ​ഗേറ്റ് പൂട്ടി യാക്കോബായ വിഭാ​ഗക്കാർ പള്ളിക്കകത്ത് നിലയുറച്ചു.

ഓർത്തഡോക്സ് വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കില്ലെന്ന് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസും  പിറവം പള്ളിയിൽ വിധി നടപ്പാക്കണമെന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസും വ്യക്തമാക്കി. ഇരുവിഭാ​ഗങ്ങളും തമ്മിലുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ  പൊലീസ് സുരക്ഷയായിരുന്നു പള്ളി പരിസരത്ത് ഒരുക്കിയിരുന്നത്. കൂടാതെ പള്ളിപരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തു. വൈദികരുൾപ്പടെ 67 യാക്കോബായ വിഭാഗക്കാരെ പള്ളിയിൽ കയറുന്നതിന് പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു.

Read more:പിറവം പള്ളിയിൽ വൻ സംഘർഷം; യാക്കോബായ വിഭാ​ഗക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

തുടർന്ന് സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടന്ന് ആരോപിച്ച് ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജിയിൽ അനുകൂല വിധി നേടിയ ഓർത്തഡോക്സ് വിഭാ​ഗത്തിന് പൂർണ സുരക്ഷയോടെ പള്ളിയിൽ പ്രവേശിക്കുന്നതിന് വഴിയൊരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിൽ പൊലീസ് പൂട്ടി പൊളിച്ച് പള്ളിക്കകത്ത് കയറുകയും വൈദീകരുൾപ്പടെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ സമാധാന ചർച്ചയ്ക്ക് ശേഷമാണ് അറസ്റ്റുൾപ്പടെയുള്ള നടപടികളിൽ സഹകരിക്കാൽ യാക്കോബായ വിഭാ​ഗക്കാർ തയ്യാറായത്. രണ്ടുദിവസത്തോളം അരങ്ങേറിയ പ്രതിഷേധത്തിനുശേഷമാണ് ഓർത്തഡോക്സ് വിഭാ​ഗക്കാർ പള്ളിയിൽ കയറി പ്രാർത്ഥന നടത്തിയത്.    

Read More:സുപ്രീംകോടതി വിധി നടപ്പായി: ഓര്‍ത്തഡോക്സ് വിഭാഗം പിറവം പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി


 

Follow Us:
Download App:
  • android
  • ios