Asianet News MalayalamAsianet News Malayalam

പിറവം പള്ളിയിൽ വൻ സംഘർഷം; യാക്കോബായ വിഭാ​ഗക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

പള്ളിയുടെ ​ഗേറ്റിന്റെ പൂട്ട് തകർത്ത് പള്ളിക്കകത്ത് കയറിയ പൊലീസ്  വൈദികരടക്കമുള്ള യാക്കോബായ വിഭാ​ഗക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്.  

piravom church police arrested jacobite sabha believers
Author
Kochi, First Published Sep 26, 2019, 2:17 PM IST

കൊച്ചി: തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയിൽ സംഘർഷം തുടരുന്നു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പള്ളിയുടെ ​ഗേറ്റിന്റെ പൂട്ട് തകർത്ത് പള്ളിക്കകത്ത് കയറിയ പൊലീസ്  യാക്കോബായ വിഭാ​ഗക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. വൈദികരടക്കമുള്ളയാളുകളെയാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. അമ്മമാരും പ്രായമുള്ളവരും കുട്ടികളുമടക്കമുള്ളവരെ പൊലീസ് പള്ളിയില്‍ നിന്ന് മാറ്റി.   ആയിരത്തോളം പൊലീസുകാരാണ് പള്ളി പരിസരത്ത് എത്തിയിരിക്കുകയാണ്.

കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി അറസ്റ്റ് വരിക്കാമെന്ന് യാക്കോബായ വിഭാ​ഗക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പള്ളിയില്‍ കയറി പൊലീസ് അറസ്റ്റ് നടപടികള്‍ തുടങ്ങിയത്. ഹൈക്കോടതിയുടെ അന്ത്യശാസനവും സുപ്രീംകോടതി ഉത്തരവും അം​ഗീകരിക്കുന്നുവെന്നും യാക്കോബായ വിഭാ​ഗക്കാർ വ്യക്തമാക്കി. 

യാക്കോബായ വിഭാ​ഗക്കാരടക്കമുള്ള പ്രതിഷേധക്കാരുമായി ജില്ലാ കളക്ടർ സംസാരിച്ചു. ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിനായി യാക്കോബായ വിഭാ​ഗം പ്രതിഷേധം നിർത്തി അറസ്റ്റിന് വിധേയരാകണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ജില്ലാഭരണകൂടത്തിന് സാധിക്കുന്ന രീതിയിൽ സഹായിക്കുമെന്നും കളക്ടർ അറിയിച്ചു.

Read More: പിറവം പള്ളി തർക്കം; പള്ളിക്കകത്തും പുറത്തും നിലയുറച്ച് ഇരുവിഭാഗങ്ങള്‍, കനത്ത പൊലീസ് സുരക്ഷ

തികച്ചും വികാരഭരിതമായ പ്രതികരണമായിരുന്നു വിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. പള്ളിയിൽ നിന്ന് പുറത്താക്കുന്നതും അറസ്റ്റ് ചെയ്യുന്നതുമൊന്നും നീതിപൂർണമല്ലെന്ന് വിശ്വാസികൾ പറ‍ഞ്ഞു. ഇത് തങ്ങളുടെ പള്ളിയാണെന്നും സ്വത്തും ഭൂമിയും ഒന്നും വേണ്ട ആരാധിക്കാമൊരു സ്ഥലം മതിയെന്നും വിശ്വാസികൾ പറയുന്നു.

പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുന്ന മുഴുവൻ പേരെയും അറസ്റ്റ് ചെയ്ത് നീക്കി ഉച്ചയ്ക്ക് 1.45ന് റിപ്പോർട്ട്‌ നൽകാനായിരുന്നു ഹൈക്കോടതി നിർദ്ദേശിച്ചത്. ജസ്റ്റിസ് എഎം ഷഫീഖ്, എൻ അനിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്. ഇതിന്റെ പശ്ചാത്തലത്തില്‍ കോടതി അനുവദിച്ച സമയം കഴിയുന്നതിന് മുമ്പ് തന്നെ ജില്ലാ ഭരണകൂടം ഉത്തരവ് നടപ്പാക്കുകയായിരുന്നു. 

Read More:പിറവം പള്ളി തർക്കം; പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഹൈക്കോടതി നിർദ്ദേശം

 

Follow Us:
Download App:
  • android
  • ios