കേസില്‍ നിന്ന് പിന്മാറിയാല്‍ പണം നല്‍കാമെന്നായിരുന്നു ഇടനിലക്കാരുടെ വാഗ്ദാനം. ഹൃദ്‍രോഗിയായ മുരളീധരന് പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദനമേറ്റിരുന്നു.

ഇടുക്കി: മര്‍ദിച്ചെന്ന പരാതിക്ക് പിന്നാലെ തൊടുപുഴ ഡിവൈഎസ്‍പിക്ക് എതിരെ കൂടതല്‍ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരന്‍ മുരളീധരന്‍. ഇടനിലക്കാരെ വിട്ട് കൊല്ലുമെന്ന് തൊടുപുഴ ഡിവൈഎസ്‍പി എം ആർ മധുബാബു ഭീഷിണിപ്പെടുത്തിയെന്നാണ് മുരളീധരന്‍റെ പരാതി. ജീവന് ഭീഷണിയെന്ന് കാണിച്ച് മുരളീധരന്‍ ഇടുക്കി എസ്‍പിക്ക് പരാതി നല്‍കി. 
തന്നെ മര്‍ദിച്ച കേസില്‍ ഡിവൈഎസ്‍പിക്കെതിരെ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ ത്യപ്തിയില്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയില്‍ മുരളീധരന്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടനിലക്കാര്‍ ഭീഷണിയുമായി തന്നെ സമീപിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു. കേസില്‍ നിന്ന് പിന്മാറിയാല്‍ പണം നല്‍കാമെന്നായിരുന്നു ഇടനിലക്കാരുടെ വാഗ്ദാനം. 

വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ടെന്ന പരാതിയില്‍ മുരളീധരനെ ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് കഴിഞ്ഞ ഡിസംബറില്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിനിടെ സ്റ്റേഷനില്‍ വെച്ച് ഡിവൈഎസ്‍പി തന്നെ മര്‍ദിച്ചെന്നാണ് ഹൃദ്‍രോഗിയായ മുരളീധരന്‍റെ പരാതി. ഡിവൈഎസ്‌പി ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടിയെന്നും മുഖത്തടിച്ചെന്നും തനിക്ക് നേരെ പൊലീസിന്‍റെ വയര്‍ലൈന്‍സ് സെറ്റ് എടുത്തെറിഞ്ഞെന്നും മുരളീധരന്‍ ഡിസംബര്‍ 21 ന് പരാതി നല്‍കി. ഹൃദ്യോഗിയായ മുരളീധരനെ മർദ്ദിക്കുന്നത് കണ്ടെന്ന് പരാതിക്കാരന്‍റെ കൂടെയുണ്ടായിരുന്നയാളും പറഞ്ഞിരുന്നു.