കോൺഗ്രസ് ഭരിക്കുന്ന കാട്ടാക്കാമ്പാൽ സഹകരണ ബാങ്കിൽ കൂടുതൽ പേർ തട്ടിപ്പിനിരയായി
രണ്ട് ലക്ഷം രൂപയാണ് സുബ്രഹ്മണ്യം കാട്ടാക്കാമ്പാല്‍ മള്‍ട്ടിപ്പര്‍പ്പസ് സഹകരണ സംഘത്തില്‍ നിന്ന് വായ്പയെടുത്തത്. പ്രതിമാസ തവണ സംഖ്യ കൃത്യമായി സജിത്തിന്റെ കൈവശം നല്‍കിയിരുന്നു. അതൊന്നും ബാങ്കിലെത്തിയില്ല

തൃശ്ശൂർ: കോണ്‍ഗ്രസ് ഭരിക്കുന്ന കാട്ടാക്കാമ്പാല്‍ മള്‍ട്ടിപ്പര്‍പ്പസ് സഹകരണ സംഘത്തില്‍ വായ്പ തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായിരുന്ന വിആര്‍ സജിത്തിന്റെ വായ്പാ തട്ടിപ്പിനിരയായവരാണ് പരാതിക്കാര്‍. വായ്പ എടുത്തവരറിയാതെ തുക കൂട്ടിയെടുത്തും നല്‍കിയ പണം ബാങ്കിലടയ്ക്കാതെയുമായിരുന്നു തട്ടിപ്പ്.
തയ്യല്‍ തൊഴിലാളിയായ സുബ്രഹ്മണ്യമാണ് തട്ടിപ്പിന് ഇരയായ മറ്റൊരാൾ. ഒൻപത് സെന്‍റ് കിടപ്പാടം നഷ്ടമാകുമെന്ന പേടിയിലാണ് ഇദ്ദേഹം ഇപ്പോഴുള്ളത്. സ്വന്തം ആധാരം പണയപ്പെടുത്തി രണ്ട് ലക്ഷം രൂപയാണ് സുബ്രഹ്മണ്യം കാട്ടാക്കാമ്പാല്‍ മള്‍ട്ടിപ്പര്‍പ്പസ് സഹകരണ സംഘത്തില്‍ നിന്ന് വായ്പയെടുത്തത്. പ്രതിമാസ തവണ സംഖ്യ കൃത്യമായി സജിത്തിന്റെ കൈവശം നല്‍കിയിരുന്നു. അതൊന്നും ബാങ്കിലെത്തിയില്ല. എന്നു മാത്രമല്ല സുബ്രഹ്മണ്യം അറിയാതെ കൂടുതല്‍ വായ്പയുമെടുത്തു. 12 ലക്ഷമാണ് ഇപ്പോള്‍ ബാധ്യത.
വീട്ടമ്മയായ ജയന്തിയ്ക്കു ഈ സംഘത്തില്‍ എട്ടു ലക്ഷം രൂപയുടെ വായ്പയുണ്ടായിരുന്നു. മറ്റൊരു ബാങ്കിലേക്ക് ആധാരം മാറ്റി സഹകരണ സംഘത്തിലെ വായ്പ അവസാനിപ്പിച്ചു. സജിത്തിന്റെ പേരില്‍ എട്ടു ലക്ഷം രൂപയുടെ ചെക്കും നല്‍കി. പക്ഷേ, സജിത് ഈ തുക ബാങ്കില്‍ അടച്ചില്ല. ഇനിയും ജയന്തി കാട്ടക്കാമ്പാൽ സംഘത്തിന് എട്ടുലക്ഷം രൂപ അടയ്ക്കാനുണ്ട്.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സജിത്തിനെതിരെ നിരവധി പേര്‍ പരാതിയുമായി ജന പ്രതിനിധികളെ സമീപിച്ചിട്ടുണ്ട്. പരാതി വരുന്ന മുറയ്ക്ക് കൂടുതല്‍ കേസെടുക്കുമെന്ന് കുന്നംകുളം പൊലീസ് അറിയിച്ചു. ഒളിവില്‍ പോയ സജിത്തിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Asianet News Live | Kerala News | Latest News Updates