രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് കൂടുതൽ കോണ്‍ഗ്രസ് നേതാക്കള്‍. രാഹുലിനെതിരെ പരാതിയില്ലെന്നും നിയമസഭ സമ്മേളനത്തിൽ പങ്കെടുത്തുന്നതിൽ തടസ്സമില്ലെന്നും കെ മുരളീധരനും അടൂര്‍ പ്രകാശും വ്യക്തമാക്കി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് കൂടുതൽ കോണ്‍ഗ്രസ് നേതാക്കള്‍. ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ ആരും ഇതുവരെ പരാതി കൊടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന് പിന്തുണ നൽകുന്നത്. അതേസമയം,വിശദീകരണം പോലും ചോദിക്കാതെ സസ്പെന്‍ഡ് ചെയ്തതിലെ അതൃപ്തിയിലാണ് എ ഗ്രൂപ്പ്. ഈ മാസം പതിനഞ്ചിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ അവധിയെടുത്ത് മാറി നിൽക്കുന്നതാണ് വിഷയത്തിൽ ഭരണപക്ഷത്തിന്‍റെ വായടിപ്പിക്കാൻ നല്ലതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ അനുകൂലിക്കുന്നവരുടെ പക്ഷം.

 എന്നാൽ, സസ്പെന്‍ഷന് കൈപൊക്കിയവര്‍ പോലും സഭയിൽ നിന്ന് രാഹുലിനെ വിലക്കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ വന്നാലും സമാന ആരോപണം നേരിടുന്നവരെ ചൂണ്ടി ഭരണപക്ഷത്തെ നേരിടാമെന്നാണ് വാദം.

രാഹുലിനെതിരെ ഇതുവരെ പരാതിയില്ലെന്നും നിയമസഭയിൽ വരുന്നതിൽ തടസ്സമില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. ശരിയായ കോഴികള്‍ ഭരണപക്ഷത്തുണ്ടെന്നും കെ മുരളീധരൻ പരിഹസിച്ചു. അതേസമയം, രാഹുലിനെതിരായ ആരോപണങ്ങളെ ലഘൂകരിച്ച് കണ്ടാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പിന്തുണ ആവര്‍ത്തിക്കുന്നത്. കടുത്ത നടപടിയാണ് രാഹുലിനെതിരെ എടുത്തതെന്നും മാറ്റി നിര്‍ത്തൽ തത്കാലത്തേക്കെന്നും യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. രാഹുൽ പങ്കെടുക്കാൻ തീരുമാനിച്ചാൽ സംരക്ഷണം നൽകേണ്ടത് നിയമസഭാ സെക്രട്ടേറിയറ്റിന്‍റെയും സര്‍ക്കാരിന്‍റെയും നിയമപരമായ ബാധ്യതയാണെന്ന് മുന്‍ മന്ത്രി കെസി ജോസഫും പ്രതികരിച്ചു. 

പല തട്ടിൽ നിന്ന എ ഗ്രൂപ്പ് നേതാക്കള്‍ രാഹുലിന്‍റെ നടപടിക്ക് പിന്നാലെ പഴയ അടുപ്പത്തിലേയ്ക്ക് തിരിച്ചെത്താനുള്ള നീക്കത്തിലാണ് . രാഹുലിന‍െതിരായ കടുത്ത നടപടി കുറ്റം ശരിവയ്ക്കുന്നതു പോലെയായി എന്ന വിമര്‍ശനമാണ് എ ഗ്രൂപ്പിന്‍റേത്. എന്നാൽ, അച്ചടക്ക നടപടിയാണ് കടുത്ത പ്രതിസന്ധിയിൽ പാര്‍ട്ടിയെ പിടിച്ചു നിര്‍ത്തിയതെന്നാണ് സതീശൻ അനുകൂലികളുടെ മറുപടി. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയെന്ന വാദവുമായി സസ്പെന്‍ഷനെ പൂര്‍ണമായും ന്യായീകരിക്കുകയാണ് പ്രതിപക്ഷ നേതാവിനെ അനുകൂലിക്കുന്നവര്‍.

YouTube video player