കോട്ടയം: സംസ്ഥാനത്ത് മാ‍ര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൊവിഡ് രോഗബാധ. ഏറ്റുമാനൂര്‍ പച്ചക്കറി ചന്തയിലെ 33 പേര്‍ക്ക് കൊവി‍ഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരിൽ ഏറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇന്ന് പ്രദേശത്ത് 50 പേര്‍ക്കാണ് ആന്റിജൻ പരിശോധന നടത്തിയത്. ഇത്രയും കൂടുതൽ പേര്‍ക്ക് രോഗബാധയുണ്ടായ സാഹചര്യത്തിൽ പ്രദേശത്ത് സ്ഥിതി അതീവഗുരുതരമാണ്. 

അതേ സമയം പരിശീലനത്തിനെത്തിയ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പ് ആശങ്കയിലാണ്. 110 ട്രെയിനികൾക്കൊപ്പമാണ് രോ​ഗം സ്ഥിരീകരിച്ച പൊലീസുകാരൻ കഴിഞ്ഞിരുന്നത്. അഞ്ചു ദിവസം മുമ്പെടുത്ത സ്രവ സാമ്പിൾ പരിശോധനാ ഫലമാണ് ഇന്ന് പോസിറ്റീവായത്. അതേസമയം, സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സമ്പൂർണ്ണ ലോക് ഡൗണ്‍ അപ്രായോഗികമാണെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‍റെ വിലയിരുത്തൽ. എന്നാൽ കൊവിഡ് കൂടുതൽ പടരുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നുണ്ട്.