തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവി‍ഡ് സ്ഥിരീകരിച്ച മൂന്നുപേരും വയനാട് സ്വദേശികള്‍. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് കൊവിഡ് വന്നത്. കോയമ്പേട് പോയി വന്ന വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക്  നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ക്ക് കോയമ്പേട് മാർക്കറ്റില്‍ നിന്നാണ് രോഗം ബാധിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മാനന്തവാടി താലൂക്കിൽ കുറുക്കൻമൂല പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിലാണ് ഇയാളുള്ളത്.

ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന മൂന്നുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡ്രൈവറുടെ 84 വയസ്സുള്ള അമ്മയ്ക്കും 42 വയസ്സുള്ള ഭാര്യക്കും വണ്ടിയുടെ ക്ലീനറുടെ മകനുമാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഡ്രൈവറോടൊപ്പം കോയമ്പേട് മാർക്കറ്റിലേക്ക് ലോറിയിൽ ക്ലീനറുടെ മകന്‍(21) പോയിരുന്നു. രോഗം സ്ഥിരീകരിച്ച യുവാവ് മാനന്തവാടിയിലെ എടപ്പടിയിലെ നിരവധിയിടങ്ങളിൽ പോയിരുന്നതായി വിവരമുണ്ട്. ക്രിക്കറ്റ് കളികളില്‍ ഏര്‍പ്പെട്ടിരുന്നു. ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. 

രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ വയനാട് റെഡ് സോണ്‍ ആക്കാന്‍ സാധ്യതയുണ്ട്. ഏപ്രിൽ 16 ന് മദ്രാസിലേക്ക് പോയി 26 നാണ് ലോറി ഡ്രൈവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. അന്ന് മുതൽ ഹോം ക്വാറന്‍റൈനില്‍ ആയിരുന്നു. ഏപ്രിൽ 28 നാണ്  ഇയാളുടെ സാമ്പിൾ ശേഖരിച്ചത്.