ബംഗ്ലൂരു: ലഹരിക്കടത്ത് കേസിൽ കണ്ണൂര്‍ സ്വദേശി ജിംറിൻ ആഷിയുടെ പങ്കിന് കൂടുതൽ തെളിവുകൾ പുറത്ത്. ജിംറിൻ ആഷിയുടെ പങ്ക് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്ത് വന്നത്. കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ് അനിഘയ്ക്ക് അയച്ച ചാറ്റുകളിലാണ് ജിംറിന്‍റെ പേരുളളത്. കേസിൽ ഒന്നാം പ്രതിയായ അനിഖയെ അനൂപിന് പരിചയപ്പെടുത്തിയ ജംറീൻ ആഷിക്കിനായി കേന്ദ്ര ഏജൻസി തിരച്ചിൽ ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് നാര്‍കോട്ടിക്സ് ബ്യൂറോ 159 പേരെ ചോദ്യം ചെയ്യാൻ ലിസ്റ് തയ്യാറാക്കി. ആദ്യം ചോദ്യം ചെയ്യുന്നവരുടെ പട്ടികയിൽ മലയാളികളടക്കം ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം പബ്ബ് ജീവനക്കാരും ടെക്കികളും വ്യവസായികളും ഉൾപ്പെടുന്നു. 

ആഗസ്റ്റ് 26 നാണ് ലഹരിക്കടത്ത് കേസിൽ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും അനിഖയും എന്‍സിബിയുടെ പിടിയിലായത്. കോടികൾ വിലമതിക്കുന്ന ഈ എകസ്റ്റസി പില്ലുകളും, എല്‍എസ്ഡി സ്ട്രിപ്പുകളുമാണ് ഇവരില്‍നിന്നും കണ്ടെടുത്തത്. സിനിമാ–സംഗീത രംഗത്തെ പ്രമുഖരുമായി ഈ മയക്കുമരുന്ന് സംഘത്തിന് നേരിട്ട് ബന്ധമുണ്ട് . കേസില്‍ ഒന്നാം പ്രതിയായ ഡി. അനിഖ മുന്‍ സീരിയല്‍ താരമാണ്. എംഡിഎംഎ ഗുളികകൾ എകസ്റ്റസി പില്സ് എന്ന പേരിലായിരുന്നു ഇവരുടെ വില്‍പന.  ബെംഗളൂരു , മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ സംഘത്തിന് കണ്ണികളുണ്ട്. ബെംഗളൂരുവിലെ മയക്കുമരുന്ന് കേസിനും പിടിയിലായ നൂപ് മുഹമ്മദിനും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്.

അതേ സമയം ബെംഗളൂരു മയക്കുമരുന്ന് കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത തെളിയുകയാണ്. രാഗിണി ദ്വിവേദിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റിലായ മറ്റ്‌ പ്രതികളെയും ചോദ്യം ചെയ്യും. രാഗിണിയെ അറസ്റ്റ് ചെയ്തത് കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നതിന്‍റെ സൂചനയാണ്. മുഹമ്മദ് അനൂപുമായി ബന്ധമുള്ള മറ്റ്‌ കണ്ണികളെ കുറിച്ചുള്ള നാർക്കോട്ടിക് കൺട്രോൾ ബ്യുറോയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.