കൊച്ചി:നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ കൂടുതൽ  പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സിബിഐ. ഉന്നത ഉദ്യോഗസ്ഥരടക്കം കൂടുതൽ പേർ പ്രതികളാകുമെന്നും സിബിഐ എറണാകുളം സിജെഎം കോടതിയെ അറിയിച്ചു. അതിനിടെ സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന്  വീണ്ടും അറസ്റ്റിലായ എസ്ഐ സാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സിബിഐ കസ്റ്റഡിയിൽ വാങ്ങി. 

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൻറെ ഗൂഡാലോചനയിലും മർദനത്തിലും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് സിബിഐ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഇക്കൂട്ടത്തിൽ ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്. ഇവർക്കും കൊലപാതകത്തിലും ഗൂഡാലോചനയിലും പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. 

അറസ്റ്റിലായ മുൻ എസ് ഐ സാബു അന്വേഷണത്തോട്  സഹകരിക്കുന്നില്ലെന്നും സി ബി ഐ കോടതിയെ അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനായി എട്ടു ദിവസത്തേക്ക് സാബുവിനെ കസ്റ്റഡിയില്‍ കിട്ടണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. എന്നാല്‍ ആറു ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചത്. 

സാബുവിനെ അടുത്ത ദിവസം നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ, താലൂക്ക്  ആശുപത്രി, പീരുമേട് ജയിൽ എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുക്കും. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് സാബുവിനെ അറസ്റ്റു ചെയ്തത്. കേസിൽ അറസ്റ്റിലായ മറ്റ് ആറ് പ്രതികളും നിലവിൽ ജാമ്യത്തിലാണ്. ഇവർക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ സിബിഐ സുപ്രീം കോടതിയെ സമീപിക്കും. കഴിഞ്ഞ വർഷം ജൂണ് 21-നാണ് വാഗമൺ സ്വദേശിയായ രാജ് കുമാർ പീരുമേട് ജയിലിൽ വച്ച് മരിച്ചത്.