കാസർകോട്: കാസർകോട് കുമ്പള പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുമ്പളയിൽ മാത്രം കൊവിഡ് ബാധിതരായ പൊലീസുകാരുടെ എണ്ണം അഞ്ചായി.

കുമ്പള സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് നേരത്തെ രോ​ഗം സ്ഥിരീകരിച്ചിരുന്നു. കുമ്പള കോസ്റ്റൽ സ്റ്റേഷനിലെ ഒരു പൊലീസുകാരനും രോ​ഗബാധിതനാണ്. അങ്ങനെയാണ് കൊവിഡ് ബാധിതരായ പൊലീസുകാരുടെ എണ്ണം അ‍ഞ്ച് ആയത്. 

കൊവിഡ്കു വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുമ്പള ഉൾപ്പടെയുള്ള അഞ്ച് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കുമ്പളയ്ക്കു പുറമേ  മഞ്ചേശ്വരം, കാസർകോട്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. 2020 ജൂലൈ 25 രാത്രി 12 മണി മുതൽ പ്രദേശത്ത് നിരോധനാജ്ഞ ആയിരിക്കുമെന്നാണ് ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബുവിന്‍റെ ഉത്തരവ്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വലിയ വീഴ്ച വരുത്തുന്നത് കൊണ്ടാണ് നിരോധനാജ്ഞയെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. 

അതിനിടെ കാസർകോട്  കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു.  പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പടന്നക്കാട് സ്വദേശി നബീസ ആണ് മരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് മരണം നാലായി. കടുത്ത പ്രമേഹത്തെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നബീസ. ഇതിനിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.ശരീരത്തിൽ ഓക്സിജന്‍റെ അളവ് കുറഞ്ഞ് ഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് ഇന്നലെ പരിയാരത്തേക്ക് മാറ്റിയത്. 

Read Also: ക്വാറൻ്റീനിൽ നിന്ന് മുങ്ങിയ യുവ ഐഎഎസുകാരന് വീണ്ടും നിയമനം...