Asianet News MalayalamAsianet News Malayalam

റെഡ്സോണിൽ ബസും ഓട്ടോയുമില്ല, ബാർബർ ഷോപ്പിനും വിലക്ക്; ഗ്രീൻ സോണുകളിൽ ബസ് യാത്രയ്ക്ക് അനുമതി

ബാറുകൾക്കും മദ്യവിൽപനയ്ക്കും നിയന്ത്രണം ഒന്നും ഏർപ്പെടുത്തിയതായി പുതിയ ഉത്തരവിൽ ഇല്ല.  സാഹചര്യത്തിൽ മദ്യവിൽപന ആരംഭിക്കാൻ തടസമില്ല. അതേസമയം റെഡ് സോണുകളിൽ ബാർബർ ഷോപ്പുകൾ തുറക്കാൻ തടസ്സം നിലനിൽക്കുന്നു. 

more relaxation in lock down
Author
Thiruvananthapuram, First Published May 1, 2020, 7:46 PM IST

ദില്ലി: മാർച്ച് 24-ന് ആരംഭിച്ച ദേശീയ ലോക്ക് ഡൗണ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ രാജ്യവ്യാപകമായല്ല പകരം മേഖല തിരിച്ചാണ് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഒന്നരമാസം നീണ്ട ദേശീയ ലോക്ക് ഡൗണ് രാജ്യത്തെ സാമ്പത്തികാവസ്ഥ തകിടം മറിച്ചത് പരിഗണിച്ച രോഗതീവ്രത കുറഞ്ഞ മേഖലകളിൽ കൂടുതൽ ഇളവുകൾ ഇക്കുറി അനുവദിച്ചിട്ടുണ്ട്. 

രോഗബാധ ശക്തമായ റെഡ് സോണുകളിൽ കനത്ത നിയന്ത്രണങ്ങൾ തുടരും, അതേസമയം ഓറഞ്ച് സോണിൽ കുറേക്കൂടി ഇളവുകൾ അനുവദിക്കും. ഗ്രീൻ സോണുകളിൽ ബസ് യാത്രയടക്കം കൃത്യമായ സാമൂഹിക അകലം പാലിച്ചു കൊണ്ട് പരമാവധി ഇളവുകളുണ്ടാവും. അൻപത് ശതമാനം യാത്രക്കാരുമായി ഗ്രീൻ സോണിൽ ബസ് സർവ്വീസിന് അനുമതിയുണ്ട്. എന്നാൽ മെട്രോ-റെയിൽ-വിമാന സർവ്വീസുകൾ എല്ലാ സോണിലും നിരോധിച്ചിരിക്കുന്നു. 

ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്യാത്ത ജില്ലകളും കഴിഞ്ഞ 21 ദിവസമായി പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ജില്ലകളും ഗ്രീൻ സോണിൽ ഉൾപ്പെടും. നിലവിലുള്ള കേസുകളുടേയും കേസുകളുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന ദിവസങ്ങളും പരിഗണിച്ചാവും റെഡ് സോണിലെ ജില്ലകളെ തരംതിരിക്കുക.  ഇതിൽ രണ്ടിലും ഉൾപ്പെടാതെ ജില്ലകളെ ഗ്രീൻ സോണായി പ്രഖ്യാപിക്കും. 

റെഡ് സോണിൽ ഇപ്പോൾ ഉള്ള ജില്ലകളിൽ തുടർച്ചയായി 21 ദിവസം പുതിയ കേസില്ലെങ്കിൽ ആ ജില്ല ഓറഞ്ചിലേക്ക് മാറും. പിന്നെയും 21 ദിവസം പുതിയ കേസില്ലെങ്കിൽ ജില്ല ഗ്രീൻ സോണിലെത്തും. എല്ലാ ആഴ്ചയിലേയും കണക്കുകൾ പരിശോധിച്ച് കേന്ദ്ര അഭ്യന്തരമന്ത്രാലയം സോണുകളുടെ പട്ടിക ക്രമീകരിക്കും.

ജില്ലകളിൽ അടച്ചുപൂട്ടേണ്ട തീവ്രപ്രദേശങ്ങൾ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തീവ്രമേഖലകൾ അപ്പാർടുമെന്റുകൾ, പൊലീസ് സ്റ്റേഷൻ പരിധി, കോളനികൾ അങ്ങനെയാക്കി തിരിക്കാനാണ് ആരോഗ്യമന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. 

സോണുകളും ഇളവുകളും

രാത്രി ഏഴ് മുതൽ രാവിലെ ഏഴ് മണി വരെ എല്ലാ സോണുകളിലും യാത്രാനിയന്ത്രണം നിലനിൽക്കും. ഇതിനായി 144 അടക്കം ജില്ലാ ഭരണകൂടങ്ങൾക്ക് പ്രഖ്യാപിക്കാം. എല്ലാ സോണുകളിലും 65 വയസിന് മുകളിൽ പ്രായമുള്ളവരും പത്ത് വയസിന് താഴെ പ്രായമുള്ളവരും ഗർഭിണികളും എല്ലാ സോണുകളിലും വീടുകളിൽ തന്നെ തുടരണം. ആരോഗ്യസേവനത്തിന് മാത്രമേ ഇവർക്ക് പുറത്തിറങ്ങാൻ പാടുള്ളൂ. റെഡ് സോണിലടക്കം സാമൂഹിക അകലം പാലിച്ച് ആശുപത്രികളിലെ ഒപി വിഭാഗം പ്രവർത്തിപ്പിക്കാം. 

സോണേതായാലും ഹോട്ട് സ്പോട്ടുകളിൽ നിയന്ത്രണം അതീവ കർശനമായി തുടരും. ഹോട്ട് സ്പോട്ടുകളിലേക്കും പ്രവേശനവും മടക്കവും ഒറ്റ വഴിയിലൂടെയായിരിക്കും. അവശ്യസർവ്വീസുകൾക്ക് മാത്രമേ ഇവിടെ പ്രവേശനമുള്ളൂ. ഈ മേഖലയിൽ ഉള്ളവരെ പുറത്തേക്ക് വിടില്ല. അകത്തേക്ക്  ആരേയും പ്രവേശിപ്പിക്കില്ല. ജില്ലാ ഭരണകൂടമാണ് ഹോട്ട് സ്പോട്ടുകൾ നിർണയിക്കേണ്ടത്. ചരക്കുഗതാഗതത്തിന് ഒരു തരത്തിലുള്ള തടസവും ഉണ്ടാവില്ല. അന്തർജില്ലാ, അന്തർ സംസ്ഥാന ചരക്കു കടത്തിന് യാതൊരു തരത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല.

ബാറുകൾക്കും മദ്യവിൽപനയ്ക്കും നിയന്ത്രണം ഒന്നും ഏർപ്പെടുത്തിയിട്ടില്ല. ബാറുകൾ അടക്കമുള്ളവ അടഞ്ഞു കിടക്കുമെങ്കിലും മദ്യവിൽപന കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. എന്നാൽ മദ്യവിൽപനശാലകളിൽ കൃത്യമായ സാമൂഹിക അകലം പാലിക്കണം എന്ന് കേന്ദ്രത്തിൻ്റെ ഉത്തരവിൽ പറയുന്നു.  അഞ്ച് പേരിൽ കൂടുതൽ മദ്യവിൽപന ശാലകളിൽ കൂട്ടം കൂടാൻ പാടില്ല. ആളുകൾ തമ്മിൽ ആറടി അകലം പാലിച്ചു വേണം മദ്യം വിൽക്കാൻ. 

വിവാഹങ്ങളിൽ അൻപത് പേരേയും സംസ്കാരചടങ്ങുകളിൽ ഇരുപത് പേരെയും വരെ അനുവദിക്കും. പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കർശനമായി നിരോധിച്ചു. ആരാധാനാലയങ്ങൾ, സ്കൂളുകൾ, കോളേജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാഹാളുകൾ, മാളുകൾ, ജിമ്മുകൾ, മറ്റു പരിശീലന കേന്ദ്രങ്ങൾ എന്നിവ എല്ലാ സോണുകളിലും അടഞ്ഞു കിടക്കും. രാഷ്ട്രീയവും സാംസ്കാരികവുമായ പൊതുപരിപാടികൾ ഒന്നും തന്നെ രാജ്യത്ത് എവിടെയും അനുവദിക്കില്ല. 

സൈക്കിൾ റിക്ഷ, ഓട്ടോറിക്ഷ, ടാക്സി, ജില്ലയ്ക്ക് അകത്തും പുറത്തേക്കുമുള്ള ബസ് സർവ്വീസുകൾ എന്നിവ റെഡ് സോണുകളിൽ അനുവദിക്കില്ല. ബാർബർ ഷോപ്പുകൾ, സ്പാ, സലൂണുകൾ എന്നിവ റെഡ് സോണിൽ അടഞ്ഞു കിടക്കും. 

റെഡ് സോണിലെ ജനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളോടെ പുറത്തിറങ്ങാം. ഇത്തരം യാത്രകളിൽ നാല് ചക്രവാഹനങ്ങളിൽ ഡ്രൈവർ അടക്കം രണ്ട് പേർ മാത്രമേ സഞ്ചരിക്കാവൂ. ഇരുചക്രവാഹനങ്ങളിൽ ഒരേ സമയം ഒരാൾ മാത്രമേ സഞ്ചരിക്കാവൂ. റെഡ് സോണുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതിയുണ്ട്. എന്നാൽ ഇതിനായി പുറത്തു നിന്നും തൊഴിലാളികളെ ആരേയും കൊണ്ടു വരാൻ പറ്റില്ല. മാളുകളും മാർക്കറ്റ് കോപ്ലക്സുകളും അടഞ്ഞു കിടക്കും. അവശ്യവസ്തുകളുടെ ഈ കൊമേഴ്സ് വ്യാപാരം അനുവദിക്കും. 

സ്വകാര്യ കമ്പനികൾക്ക് 33 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. മറ്റുള്ളവരെ വർക്ക് ഫ്രം ഹോം സംവിധാനത്തിൽ തുടരാൻ അനുവദിക്കണം. എല്ലാ സർക്കാർ ഓഫീസുകളിലും ഉന്നത ജീവനക്കാരെ കൂടാതെ 33 ശതമാനം പേർ മാത്രം ജോലിക്ക് വന്നാൽ മതി. പൊലീസ്, സൈന്യം,, ഹോം ഗാർഡ്സ്, സിവിൽ ഗാർഡ്സ്, അഗ്നിരക്ഷാസേന, നാഷണൽ ഇൻഫോമാറ്റിക്സ സെൻർ, കസ്റ്റംസ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, എൻസിസി, നെഹ്റു യുവജനകേന്ദ്ര, മുൻസിപ്പൽ സർവ്വീസുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല. പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും നിയന്ത്രണം ബാധകമല്ല. 

റെഡ് സോണിൽ കൂടുതൽ ഇളവുകൾ മൂന്നാം ഘട്ടത്തിലുണ്ട്. റെഡ് സോണിലെ ഗ്രാമമേഖലകളിൽ  എല്ലാത്തരം നിർമ്മാണ പ്രവർത്തനങ്ങളും നടത്താം. കടകൾ തുറക്കാനും അനുമതിയുണ്ട്. തൊഴിലുറപ്പ് പദ്ധതികൾക്കും അനുമതിയുണ്ട്. ഭക്ഷ്യ സംസ്കരണം, ബ്രിക്സ് നിർമ്മാണം, ഗ്രാമമേഖലകളിലെ എല്ലാ കടകളും തുറക്കാം.  മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും അനുവദിക്കും. മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. 

ബാങ്കുകൾ, നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കും. ഇൻഷുറൻസ്, ക്യാപിറ്റൽ മാർക്കറ്റിംഗ്, വായ്പാ സ്ഥാപനങ്ങൾ, കുട്ടികളുടേയും മുതിർന്ന പൌരൻമാരുടേയും കെയർ ഹോമുകൾ, അംഗനവാടികൾ എന്നിവ തുറക്കാൻ അനുമതി. കൊറിയർ സർവ്വീസുകളും പോസ്റ്റൽ സർവ്വീസുകളും റെഡ് സോണിൽ നടത്താം. മാലിന്യ നിർമാർജനം, ടെലി കമ്മ്യൂണിക്കേഷൻ, ജലസേചനം, എന്നിവയും റെഡ് സോണിൽ അനുവദിച്ചിരിക്കുന്നു. റെഡ് സോണിൽ ഭൂരിപക്ഷം വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. അച്ചടി, ദൃശ്യമാധ്യമങ്ങൾ, ഐടി അധിഷ്ഠിത കമ്പനികൾ, ഡാറ്റാ, കോൾ സെൻറുകൾ, സ്വകാര്യ സെക്യൂരിറ്റി സർവ്വീസ് എന്നിവയെല്ലാം റെഡ് സോണിലാവാം. 

Follow Us:
Download App:
  • android
  • ios