ഏപ്രിലിൽ പരീക്ഷ നടക്കുമെന്ന് അറിയിപ്പ് ലഭിച്ചത് എങ്കിലും ആറ് പ്രാവശ്യം തീയതി നീട്ടി. ഇപ്പോൾ അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചതോടെ ഇവരുടെ കാര്യം അനിശ്ചിതത്വത്തിലായി. ഇവരിൽ ഭൂരിപക്ഷത്തിനും അഗ്നിപഥ് വഴി നിയമനം നേടാനുള്ള പ്രായപരിധി കഴിഞ്ഞു. 

തിരുവനന്തപുരം: സൈനിക നിയമനങ്ങൾ അഗ്നിപഥ്‌ വഴി ആക്കിയതോടെ കേരളത്തിൽ രണ്ടായിരത്തിലേറെ ഉദ്യോഗാർത്ഥികളുടെ കാര്യം അനിശ്ചിതത്വത്തിലായി. 2366 പേർ എഴുത്ത് പരീക്ഷയ്ക്ക് യോഗ്യത നേടി കാത്തിരിക്കുമ്പോഴാണ് നിയമന രീതി അടിമുടി മാറിയത്.

കൊവിഡ് കാരണം നടക്കാതിരുന്ന 2020 ലെ സൈനിക റിക്രൂട്ട്മെൻറ് കേരളത്തിൽ നടന്നത് 2021 ഫെബ്രുവരിയിലാണ്. തിരുവനന്തപുരം കോഴിക്കോട് റിക്രൂട്ട്മെൻറ് ഓഫീസർമാരുടെ നേതൃത്വത്തിൽ സംയുക്തമായി ആയിരുന്നു റാലി. ജനറൽ ഡ്യൂട്ടി ടെക്നിക്കൽ, ട്രേഡ്സ്മാൻ , ക്ലർക്ക്, നഴ്സിംഗ് അസിസ്റ്റൻറ് തസ്തികളിലായിരുന്നു റാലി. ജനറൽ ഡ്യൂട്ടിക്ക് പരമാവധി പ്രായം 21 ആയിരുന്നു,മറ്റ് തസ്തികകളിൽ 23 ഉം.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന റാലിയിൽ 80000 പേർ പങ്കെടുത്തു. 2366 പേർ എഴുത്ത് പരീക്ഷയ്ക്ക് യോഗ്യത നേടി. ഏപ്രിലിൽ പരീക്ഷ നടക്കുമെന്ന് അറിയിപ്പ് ലഭിച്ചത് എങ്കിലും ആറ് പ്രാവശ്യം തീയതി നീട്ടി. ഇപ്പോൾ അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചതോടെ ഇവരുടെ കാര്യം അനിശ്ചിതത്വത്തിലായി. ഇവരിൽ ഭൂരിപക്ഷത്തിനും അഗ്നിപഥ് വഴി നിയമനം നേടാനുള്ള പ്രായപരിധി കഴിഞ്ഞു.

സാധാരണ രീതിയിലുള്ള സൈനിക റിക്രൂട്ട്മെന്റ് തുടരണമെന്നും തങ്ങളുടെ ഇത്രയും കാലത്തേ അധ്വാനത്തിന് വില കൽപ്പിക്കണം എന്നുമാണ് ഇവരുടെ ആവശ്യം.

Read Also: അഗ്നിപഥിനെ യുവാക്കൾ തിരസ്കരിച്ചെന്ന് രാഹുൽ ; പദ്ധതി പിന്‍വലിക്കണമെന്ന് പ്രിയങ്ക; വിശദീകരിച്ച് പ്രതിരോധമന്ത്രി

അതേസമയം, അഗ്നിപഥിനെതിരെ ബീഹാറിലും യുപിയിലും പ്രതിഷേധം അക്രമസക്തമായി തുടരുകയാണ്. ബിഹാറില്‍ നാല് ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. ഉപമുഖ്യമന്ത്രി രേണുദേവിയുടെ വീടിന് നേരെ പ്രതിഷേധക്കാര്‍ ആക്രമണം നടത്തി. സംഘർഷങ്ങളുടെ സാഹചര്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

പ്രായപരിധി 23 ആക്കി ഉയര്‍ത്തിയുള്ള സർക്കാർ നീക്കുത്തിനും പ്രതിഷേധത്തെ തണുപ്പിക്കാനായില്ല. ബിഹാറിലും യുപിയിലും വിദ്യാർത്ഥികള്‍ അടക്കമുള്ള യുവാക്കള്‍ രാവിലെയോടെ പ്രതിഷേധവുമായി നിരത്തിലിറങ്ങി. പലയിടത്തും ട്രെയിനുകള്‍ക്കും ബസുകള്‍ക്കും നേരെയായിരുന്നു രോഷ പ്രകടനം. സംന്പർക് ക്രാന്തി എക്സ്പ്രസ്, ജമ്മുതാവി വിക്രംശില, ധാനാപൂര്‍ ഫറാക്ക എകസ്പപ്രസ് എന്നീ ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു.

ബിഹാറിലെ ലാക്മിനയയില്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ തീയിട്ടു. ആര റെയില്‍വെ സ്റ്റേഷനിലും ലക്കിസരായിലും അക്രമം ഉണ്ടായി. ടയറുകള്‍ കത്തിച്ച് പാളത്തില്‍ ഇട്ടതോടെ പലയിടത്തും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. യുപിയിലെ ബല്ലിയയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ സമരക്കാർ
അടിച്ചുതകർത്തു.

ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ രേണുദേവിയുടെ ബേട്ടിയയിലെ വീടിന് നേരെയും ആക്രമണം ഉണ്ടായി. വലിയ നാശനഷ്ടം സംഭവിച്ചതായും രേണുദേവി ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും കുടുംബാഗങ്ങള്‍ പറഞ്ഞു. ബിഹാറിനും യുപിക്കും പുറമെ മധ്യപ്രദേശിലെ ഇന്‍ഡോറിലും പശ്ചിമബംഗാളിലെ ഹൗറയിലും ഇന്ന് പ്രതിഷേധം നടന്നു . ദില്ലിയിലെ ഐടിഒയില്‍ വിദ്യാർ‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു അഗ്നിപഥിനെതിരായ പ്രതിഷേധം. സംഘര്‍ഷം ശക്തപ്പെടുന്ന സാഹചര്യത്തില്‍ ബിഹാര്‍ ഹരിയാന യുപി സംസ്ഥാനങ്ങളില്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read Also: പ്രതിഷേധം തെക്കേ ഇന്ത്യയിലേക്കും, സെക്കന്തരാബാദിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവയ്പ്പ്