Asianet News MalayalamAsianet News Malayalam

Agnipath Scheme : പ്രതിഷേധം തെക്കേ ഇന്ത്യയിലേക്കും, സെക്കന്തരാബാദിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവയ്പ്പ്

ബിഹാറിൽ ഉപമുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചു, സമസ്തിപൂരിലും ലക്കിസരായിയിലും ട്രെയിനുകൾക്ക് തീയിട്ടു, യുപിയിൽ ട്രെയിൻ അടിച്ചു തകർത്തു; അഗ്നിപഥ് പ്രഖ്യാപിച്ച പ്രധാനമന്ത്രിക്ക് നന്ദിയെന്ന് അമിത് ഷാ

Agnipath Scheme, Protest widens, Train burnt in Secunderabad, Violence continues in Bihar
Author
Delhi, First Published Jun 17, 2022, 11:26 AM IST

ദില്ലി: ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധം തെക്കേ ഇന്ത്യയിലേക്കും വ്യാപിക്കുന്നു. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ ട്രെയിനിന് തീയിട്ടു. സ്റ്റേഷനകത്തെ സ്റ്റാളുകളും ഓഫീസിന്റെ ജനൽച്ചില്ലുകളും തകർത്തു. ട്രെയിനുകൾക്ക് നേരെ കല്ലേറുമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റു. അഗ്നിപഥിനെ ചൊല്ലി വടക്കേ ഇന്ത്യയിൽ പ്രതിഷേധം ശക്തമാണെങ്കിലും ഇതുവരെ തെക്കേ ഇന്ത്യയെ ബാധിച്ചിരുന്നില്ല.

ബിഹാറിൽ വീണ്ടും ട്രെയിനുകൾ കത്തിച്ചു

Agnipath Scheme, Protest widens, Train burnt in Secunderabad, Violence continues in Bihar

അതേസമയം വടക്കേ ഇന്ത്യയിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. ബിഹാറിൽ ഇന്നും ട്രെയിനുകൾ കത്തിച്ചു.  സമസ്തിപൂരിലും ലക്കിസരായിയിലും ട്രെയിനുകൾക്ക് തീയിട്ടു. രണ്ട് സ്റ്റേഷനുകളിലും നിർത്തിയിട്ട ട്രെയിനുകളാണ് പ്രതിഷേധക്കാർ കത്തിച്ചത്. ലഖിസരായിയിൽ  ജമ്മുതാവി ഗുവാഹത്തി എക്സ്പ്രസിനും വിക്രംശില എക്സ്പ്രസിനുമാണ് അക്രമികൾ തീയിട്ടത്. ബിഹാറിലെ ആര റെയിൽവേ സ്റ്റേഷനിലും അക്രമികൾ അഴിഞ്ഞാടി. സ്റ്റേഷൻ അടിച്ച് തകർത്തു. ബിഹാറിലെ സരണിൽ ബിജെപി എംഎൽഎയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. ബക‍്‍സർ, ലഖിസരായി, ലാക‍്‍മിനിയ എന്നിവിടങ്ങളിൽ റെയിൽവേ ട്രാക്കിനും അക്രമികൾ തീയിട്ടു. ഉപമുഖ്യമന്ത്രിയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ  രേണു ദേവിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിഹാറിൽ അക്രമം നടത്തുന്നത് ആർജെഡി ഗുണ്ടകളാണെന്ന് ബിജെപി ആരോപിച്ചു. രേണഉ ദേവി പാറ്റ്നയിലാണെന്നും വീടിന് വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായും മകൻ പ്രതികരിച്ചു.

ഉത്തർപ്രദേശിലെ ബല്ലിയ റെയിൽവേ സ്റ്റേഷനിലും ആക്രമണം ഉണ്ടായി. നിർത്തിയിട്ട ട്രെയിൻ അടിച്ചു തകർത്തു. സ്റ്റേഷൻ നൂറിലധികം പ്രതിഷേധക്കാർ അടിച്ചുതകർത്തു. ഫിറോസാബാദിൽ ബസുകളും തകർത്തു. സ്ഥിതി ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഹരിയാനയിലെ മഹേന്ദ്രഗഡിലും ബല്ലഭ്‍ഗഡിലും പ്രതിഷേധം ഉണ്ടായി. പ്രതിഷേധം കണക്കിലെടുത്ത് പൽവലിൽ മൊബൈൽ ഇന്റർനെറ്റ് അധികൃതർ വിച്ഛ‍േദിച്ചു. പദ്ധതിക്കെതിരെ ദില്ലി ഐടിഒ യിലും പ്രതിഷേധം ഉണ്ടായി. വിദ്യാർത്ഥി സംഘടനയായ ഐസയും AAP യുടെ വിദ്യാർത്ഥിസംഘടനയും പ്രതിഷേധവുമായി രംഗത്തെത്തി.

Agnipath Scheme, Protest widens, Train burnt in Secunderabad, Violence continues in Bihar

പ്രധാനമന്ത്രിക്ക് നന്ദിയെന്ന് അമിത് ഷാ

പ്രതിഷേധങ്ങൾ തുടരുന്നതിനിടെ അഗ്നിപഥിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. പദ്ധതി വലിയൊരു ഭാഗം യുവാക്കൾക്ക് ഗുണകരമാകുമെന്ന് അമിത് ഷാ പറഞ്ഞു. രാജ്യ സേവനത്തിന് ഒപ്പം യുവാക്കൾക്ക് ശോഭനമായ ഭാവിയും ഉണ്ടാകും. കൊവിഡ് വ്യാപനം റിക്രൂട്ട്മെൻറ് നടപടികളെ ബാധിച്ചതിനാലാണ് അഗ്നിപഥ് അവതരിപ്പിച്ചത്. പ്രായപരിധി 23 ആക്കി ഉയർത്തിയത് മികച്ച തീരുമാനമെന്നും അമിത് ഷാ പറഞ്ഞു. പദ്ധതിയെ ന്യായീകരിച്ച് പ്രതിരോധ മന്ത്രിയും രംഗത്തെത്തിയിരുന്നു. അഗ്നിപഥ് യുവാക്കൾക്ക് മികച്ച അവസരമാണ് നൽകുന്നതെന്ന് രാജ്‍നാഥ് സിംഗ് പറ‍ഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പദ്ധതിയെ ന്യായീകരിച്ചു

 

യുവാക്കൾ തിരസ്കരിച്ച പദ്ധതിയെന്ന് രാഹുൽ ഗാന്ധി

രാജ്യത്തിന് വേണ്ടതെന്തെന്ന് തിരിച്ചറിയാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. അഗ്നിപഥിനെ യുവാക്കൾ തിരസ്കരിച്ചു. ചില സുഹൃത്തുക്കളെയല്ലാതെ മറ്റാരെയും കേൾക്കാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പദ്ധതി പിൻവലിക്കണമെന്ന് പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു. 

അഗ്നിപഥിനെ യുവാക്കൾ തിരസ്കരിച്ചെന്ന് രാഹുൽ ; പദ്ധതി പിന്‍വലിക്കണമെന്ന് പ്രിയങ്ക; വിശദീകരിച്ച് പ്രതിരോധമന്ത്രി

പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രം

ഇതിനിടെ, പ്രതിഷേധങ്ങൾ തണുപ്പിക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടായിരിക്കുകയാണ്. നിയമനത്തിന് അപേക്ഷിക്കാൻ ഉള്ള ഉയർന്ന പ്രായപരിധിയി കേന്ദ്ര സർക്കാർ ഉയ‍ർത്തി. പ്രതിഷേധം തണുപ്പിക്കാൻ പ്രായപരിധി  23 വയസിലേക്കാണ്  ഉയർത്തിയത്. നേരത്തെ 21 വയസ് വരെ പ്രായമുള്ളവരെ നിയമിക്കും എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. അതേസമയം ഇളവ് ഈ വർഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ട് വർഷമായി റിക്രൂട്ട്മെന്‍റ് നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നൽകുന്നതെന്നും കേന്ദ്രം വിശദീകരിച്ചിട്ടുണ്ട്. പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. യുവാക്കളുടെ ഭാവി അനിശ്‌ചിതത്വത്തിൽ ആകുമെന്ന പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. 

ബിഹാറിൽ വീണ്ടും അക്രമം, രണ്ട് ട്രെയിനുകൾ കൂടി കത്തിച്ചു

Follow Us:
Download App:
  • android
  • ios