മണോളിക്കാവ് ഉത്സവത്തിനിടെ നടന്ന സംഘർഷത്തിൽ ഒരാൾ കൂടി പിടിയിൽ, ഇതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. 70 ലേറെ പേർ ഒളിവിൽ

കണ്ണൂർ: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ. 80 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിൽ കുട്ടിമാക്കൂൽ സ്വദേശി സഹദേവൻ അടക്കം രണ്ട് പേരെയാണ് ഇതുവരെ പിടികൂടാനായത്. ബാക്കിയുള്ളവർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. അതേസമയം കാവിൽ സംഘർഷത്തിനിടെ തർക്കം പരിഹരിക്കാൻ ഇടപെട്ടവരെയും പൊലീസ് കേസിൽ പെടുത്തിയെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വാദം. 

മണോളിക്കാവിൽ ഉത്സവത്തിനിടെ വ്യാഴാഴ്ച പുലർച്ചെ സംഘർഷം തടയുന്നതിനിടെ എസ്ഐ ഉൾപ്പെടെ പൊലീസുകാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. 27 പേർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. വൈകിട്ട് മണോളിക്കാവിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് സംഘം കേസിലെ ഒന്നാം പ്രതിയും റൗഡി ലിസ്റ്റിൽ പെട്ടയാളുമായ ദിപിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ കയറ്റി. പിന്നാലെ, സ്ഥലത്ത് സംഘടിച്ച സിപിഎം പ്രവർത്തകർ ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിയെ ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. എസ്ഐ ഉൾപ്പെടെയുളളവരെ ഗേറ്റിനുള്ളിൽ പൂട്ടിയിട്ടു.

ഉത്സവം നടക്കുന്നതിനാലും സ്ത്രീകൾ ഉൾപ്പെടെ വലിയ ആൾക്കൂട്ടം സ്ഥലത്തുണ്ടായിരുന്നതുകൊണ്ടും പൊലീസ് കൂടുതൽ ബലപ്രയോഗത്തിന് തുനിയാതെ പിൻവാങ്ങി. തടഞ്ഞ സിപിഎം പ്രവർത്തകരിൽ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് കലാപ ശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമുൾപ്പെടെ കേസെടുത്തത്. പൊലീസുകാരെ കൊല്ലുമെന്ന് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആർ.

എഴുന്നള്ളിപ്പിനിടെ സിപിഎം പ്രവർത്തകർ ഇൻക്വിലാബ് മുദ്രാവാക്യം വിളിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നാണ് പൊലീസ് കേസ്. കേരളം ഭരിക്കുന്നത് ഞങ്ങളെന്നും കളിച്ചാൽ തലശ്ശേരി സ്റ്റേഷനിൽ ഉണ്ടാകില്ലെന്നും ഭീഷണി മുഴക്കിയായിരുന്നു ബുധനാഴ്ചയിലെ ആക്രമണമെന്നും എഫ്ഐആറിലുണ്ട്. പിന്നാലെയാണ് കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോഴുളള അതിക്രമവും. എല്ലാം സിപിഎമ്മുകാരെന്നു പൊലീസ് പറയുന്നെങ്കിലും സിപിഎം തള്ളുന്നു. സിപിഎം ഭരണത്തിൽ പൊലീസിനും രക്ഷയില്ലാതായെന്നു കോൺഗ്രസും ബിജെപിയും പ്രതികരിച്ചു.