തുറമുഖ നിർമ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കന്പിനിയും നൽകിയ ഹർജി ഹൈക്കോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമ്മാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. അതീവ സുരക്ഷാ മേഖലയിൽ ആയിരത്തിലധികം സമരക്കാർ തമ്പടിച്ചിരിക്കുകയാണെന്നും സുരക്ഷ ഒരുക്കാതെ പദ്ധതി മുന്നോട്ട് പോകില്ലെന്നും കോടതിയെ അറിയിച്ചു. സമരത്തിന്‍റെ പേരിൽ നിർമ്മാണം നിർത്തിവെക്കാനാകില്ലെന്ന് സർക്കാരും നിലപാടടുത്തു. ഗർഭിണികളെയും കുട്ടികളെയും മുൻനിർത്തിയാണ് സമരമെന്നും അതിനാൽ കടുത്ത നടപടികൾ സമരക്കാര്‍ക്കെതിരെ സ്വീകരിക്കാനികില്ലെന്നും സർക്കാർ വ്യക്തമാക്കി. സമരം മത്സ്യതൊഴിലാളികളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും വ്യവസ്ഥകൾ പാലിക്കാതെയുള്ള നിർമ്മാണം അനുവദിക്കില്ലെന്നും ഹർജിയിൽ എതിർകക്ഷികളായ വൈദികർ കോടതിയെ അറിയിച്ചു. തുറമുഖ നിർമ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കന്പിനിയും നൽകിയ ഹർജി ഹൈക്കോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.
അതേ സമയം, വിഴിഞ്ഞം തീരശോഷണം സംബന്ധിച്ച ആശങ്ക പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമരസമിതി തള്ളി. മുഖ്യമന്ത്രി തീരദേശവാസികളെ പുച്ഛിക്കുകയാണെന്നും സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സമരസമിതി അറിയിച്ചു. നേരത്തെ വിദഗ്ധ സമിതിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഹരിത ട്രിബ്യൂണൽ പറഞ്ഞിരുന്നു. വിദഗ്ധ സമിതി അന്ന് അദാനിക്ക് വേണ്ടി റിപ്പോർട്ട് തയ്യാറാക്കിയെന്നും തമരസമിതി ആരോപിച്ചു. മുഖ്യമന്ത്രി സഭയിൽ നടത്തിയ പ്രസ്താവന സ്വീകാര്യമല്ല. രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ടും വിജിലൻസ് കമ്മിറ്റി റിപ്പോർട്ടും പുറത്തുവിടണം. സമരം ഇതേ രീതിയിൽ തുടരുമെന്നും ലത്തീൻ അതിരൂപതാ വികാരി ജനറൽ ഫാദർ യൂജിൻ എ പെരേര വ്യക്തമാക്കി.
ഗോഡൗണിലെ ദുരിതം നിറഞ്ഞ ജീവിതമാണ് ഈ സമരത്തിന് കാരണം.5500 രൂപ വാടകയ്ക്ക് വേണ്ടി കൊടുത്താൽ ഡെപോസിറ്റ് എന്തുചെയ്യും.? കെ റെയിലിന് വേണ്ടി വീടെടുക്കുമ്പോൾ മൂന്ന് മടങ്ങ് കൊടുക്കും എന്ന് പറഞ്ഞ സർക്കാരാണിത്.വലിയതുറയിൽ 7 നിര വീടുകൾ പോയി. കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. പദ്ധതി നിർത്തിവെച്ച് മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പഠനം നടത്തണം. മണ്ണെണ്ണ പ്രശ്നത്തില്‍ കേന്ദ്രത്തെ പഴിചാരുകയാണ് സംസ്ഥാനം.തമിഴ്നാട്ടിൽ 25 രൂപയ്ക്ക് മണ്ണെണ്ണ കിട്ടുന്നുണ്ട്. രാഷ്ട്രീയ ഗൂഢ ശക്തി സമരത്തിന് പിന്നിലില്ല. മറ്റ് സംസ്ഥാനങ്ങൾ കൊടുക്കുന്ന സൗജന്യം മണ്ണെണ്ണയിൽ കേരളം കൊടുക്കുന്നില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. ഹൈക്കോടതിയിൽ നിന്ന് വ്യക്തമായ പരാമർശം ഉണ്ടായില്ല.നിർമാണം നിർത്തിവെക്കാതെ സമരം അവസാനിക്കില്ലെന്നും ഫാദർ യൂജിൻ എ പെരേര വ്യക്തമാക്കി.
