തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കം മൂലം രോഗബാധിച്ചത് 68 പേര്‍ക്ക്. ഇതാദ്യമായാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ച കേസുകളുടെ എണ്ണം 60 കടന്നത്. ഇന്നലെ 38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം പിന്നിടുമ്പോള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്. ഇതില്‍ പതിനഞ്ച് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതിൽ കൂടുതൽ പേരും ജനങ്ങളുമായി അടുത്ത് ഇടപഴകുന്നവരാണ്.  തിരുവനന്തപുരം, കൊച്ചി നഗരത്തിലും തിരുവനന്തപുരത്തെ തീരദേശ മേഖലകളിലുമാണ് കടുത്ത ആശങ്ക. പൂന്തുറയിൽ 22 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം  ബാധിച്ചത്.  വള്ളക്കടവിൽ ഏഴ് പേർക്ക് സമ്പ‍ർക്കത്തിലൂടെ രോഗം ബാധിച്ചു. 

63 പേർ വൈറസ് ബാധിതരായ മലപ്പുറത്ത് ഇന്ന് 11 പേരാണ് സമ്പർക്ക രോഗികൾ. രണ്ട് ആരോഗ്യപ്രവർത്തകരും ,നഗരസഭാ കൗൺസിലറും പൊലീസ് ഉദ്യോഗസ്ഥനും, അങ്കണവാടി ജീവനക്കാരനും ലോട്ടറി കച്ചവടക്കാരനും ഇന്ന്  കൊവിഡ് പോസിറ്റീവായി. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച 21 പേരിൽ ഒന്‍പത് പേർക്കും സമ്പർക്കം വഴിയാണ് രോഗം പകർന്നത്. 

സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. ഇതില്‍ 157 പേര്‍ വിദേശത്ത് നിന്ന് വന്നവരും 38 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. അതേസമയം 111 പേര്‍ രോഗമുക്തരായി. അതീവ ഗുരുതരമായ സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. 

Read More: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി 68 പേര്‍ക്ക് രോഗം, 15 പേരുടെ ഉറവിടമറിയില്ല