സിപിഐഎം കർമ്മപദ്ധതി തയ്യാറാക്കുന്നതിനായി പൊതുജനങ്ങളിൽ നിന്നും പതിനായിരത്തിലധികം നിർദ്ദേശങ്ങൾ ലഭിച്ചു. നിർദേശങ്ങൾ സമർപ്പിക്കാൻ പുതിയ വാട്ട്സാപ്പ് നമ്പർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, ലഭിച്ച അഭിപ്രായങ്ങൾ പരിഗണിച്ച് പാർട്ടി കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും സിപിഎം അറിയിച്ചു.
തിരുവനന്തപുരം: സിപിഐഎം കർമ്മപദ്ധതി തയ്യാറാക്കാനായി പതിനായിരത്തിലധികം നിർദ്ദേശങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇമെയിൽ വഴിയും വാട്ട്സാപ്പ് വഴിയും ലഭിച്ചതെന്ന് സിപിഎം അറിയിച്ചു. സിപിഐഎം വെബ്സൈറ്റിലും അഭിപ്രായങ്ങൾ അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. https://cpimkerala.org/form/public-opinion എന്ന ലിങ്കിൽ കയറി അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്. ഇതോടൊപ്പം puthuvazhikal@gmail.com എന്ന ഇമെയിൽ വിലാസത്തിലും നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഇതിനകം ആയിരത്തി അൻപതിലധികം നിർദ്ദേശങ്ങളാണ് ഇമെയിലുകളായി വന്നത്.
വാട്ട്സാപ്പിൽ ഒൻപതിനായിരത്തി അഞ്ഞൂറിലധികം നിർദ്ദേശങ്ങൾ ലഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരക്കണക്കിന് മെസേജുകൾ വന്നതിനാൽ, വാട്ട്സാപ്പ് നമ്പർ വീണ്ടും വേരിഫൈ ചെയ്യാൻ മെറ്റ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാങ്കേതിക നടപടി അന്തിമഘട്ടത്തിലാണ്. അതിനാൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഒരു വാട്ട്സാപ്പ് നമ്പർ കൂടി തയ്യാറാക്കിയിട്ടുണ്ട്. +91 7994777167 എന്ന വാട്ട്സാപ്പ് നമ്പറിലും നിർദ്ദേശങ്ങൾ സമർപ്പിക്കാം. പൊതുജനങ്ങൾ സമർപ്പിക്കുന്ന ഈ നിർദ്ദേശങ്ങളെല്ലാം പരിഗണിച്ചാവും കർമപദ്ധതി തയ്യാറാക്കുകയെന്നും സിപിഐഎം കൂടുതൽ കരുത്തോടെ തിരിച്ചുവരാനായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകിയ നിങ്ങൾ ഓരോരുത്തർക്കും നന്ദിയെന്നും പാർട്ടി അറിയിച്ചു.
