പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കി. മലേഷ്യ, തായ്‍ലൻഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ മറ്റ് യാത്രക്കാരുമായി ഇടപഴകാൻ അനുവദിക്കില്ല. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടര്‍, എയറോബ്രിഡ്‍ജ്, ആരോഗ്യ പരിശോധന കൗണ്ടറുകള്‍ തുടങ്ങിയവ സ്ഥാപിക്കും. ഇവിടെ നിന്നുള്ള വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ മടങ്ങിയ ശേഷം വിമാനത്താവളം അണുവിമുക്തമാക്കും.
 
അതേസമയം കളക്ടർ എസ് സുഹാസിന്‍റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. കൊവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികൾ സഞ്ചരിച്ച ഖത്തർ എയർവേയ്സ് വിമാനത്തിലെ ജീവനക്കാരുടേയും യാത്രക്കാരുടേയും വിവരങ്ങൾ യോഗം ശേഖരിച്ചു. ഇത് അതാത്  ജില്ലകളിലെ ഡിഎംഒമാര്‍ക്ക് നൽകും. പത്തനംതിട്ട സ്വദേശികൾ എത്തിയ ഫെബ്രുവരി 29 ന് രാവിലെ വിമാനത്താവളത്തിലുണ്ടായിരുന്നവർ പരിശോധനയ്ക്ക് വിധേയമാകണമെന്നു കളക്ടർ ആവശ്യപ്പെട്ടു. വിദേശത്തുനിന്നെത്തുന്ന മുഴുവൻ യാത്രക്കാരെയും ഇപ്പോൾ പരിശോധിക്കുന്നുണ്ടെന്നും കളക്ടർ എസ് സുഹാസ് വ്യക്തമാക്കി.