പത്തനംതിട്ടയിലെ 12 മിസ്സിംഗ് കേസുകളും എറണാകുളത്തെ 14 കേസുകളും പ്രത്യേകമായി അന്വേഷിക്കാൻ പൊലീസ്. പത്തനംതിട്ടയിൽ 2017ന് ശേഷം റിപ്പോർട്ട് ചെയ്ത 12 മിസ്സിംഗ് കേസുകളിൽ മൂന്നെണ്ണം റിപ്പോർട്ട് ചെയ്തത് നരബലി നടന്ന ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ

കൊച്ചി: ഇരട്ട നരബലി കേസ് പുറത്ത് വന്നതിന് പിന്നാലെ സ്ത്രീകളെ കാണാതായ കേസുകളിൽ പുനരന്വേഷണം
നടത്താൻ പൊലീസ്. എറണാകുളം, പത്തനംതിട്ട ജില്ലകളിൽ റിപ്പോർട്ട് ചെയ്ത മിസ്സിംഗ് കേസുകളാണ് വീണ്ടും
അന്വേഷിക്കുന്നത്. എറണാകുളത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 14 കേസുകൾ പ്രത്യേകം
അന്വേഷിക്കും. കഴിഞ്ഞ 5 വർഷത്തിനിടയിൽ സ്ത്രീകളെ കാണാതായെന്ന പരാതികളാണ് പ്രത്യേകമായി
പരിശോധിക്കുന്നത്. സാമാനമായ രീതിയിൽ പത്തനംതിട്ടയിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 2017ന് ശേഷം റിപ്പോർട്ട് ചെയ്ത 12 മിസ്സിംഗ് കേസുകളാണ് ഇത്തരത്തിൽ അന്വേഷിക്കുക. ഈ കേസുകളിൽ മൂന്നെണ്ണം റിപ്പോർട്ട് ചെയ്തത് ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ഇരട്ട നരബലി നടന്ന ഇലന്തൂരും ആറന്മുള്ള പൊലീസ് സ്റ്റേഷന്റെ പരിധിയിൽപ്പെട്ട സ്ഥലമാണ്. അതുകൊണ്ടു തന്നെ ഈ മൂന്ന് കേസുകളും പ്രത്യേകം പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. പ്രത്യേക സംഘങ്ങളായി തിരിഞ്ഞാകും അന്വേഷണം നടത്തുക. തിരോധാന കേസുകൾക്ക് എതെങ്കിലും തരത്തിൽ നരബലിയുമായി ബന്ധമുണ്ടോ എന്നാകും പരിശോധിക്കുക. 

'നരബലിക്ക് ഇരയായോ'; പത്തനംതിട്ടയില്‍ 5 വര്‍ഷത്തിനിടെ കാണാതായത് 12 സ്ത്രീകളെ, വീണ്ടും അന്വേഷണം

നരബലി കേസിലെ ഒന്നാം പ്രതി ഷാഫി പല സ്ത്രീകളുമായി അടുത്ത ബന്ധം പുലർത്തിയതായി കണ്ടെത്തിയിരുന്നു .
ഇവരിൽ ചിലരെ പണം വാഗ്ദാനം ചെയ്ത് പത്തനംതിട്ടയിലെത്തിക്കാൻ ഷാഫി ശ്രമിച്ചതിന്‍റെ തെളിവുകളും
പുറത്തുവന്നിട്ടുണ്ട്. പത്തനംതിട്ടയിലെത്താൻ തനിക്ക് അരലക്ഷം രൂപ ഷാഫി വാഗ്ദാനം ചെയ്തെന്ന് കൊല്ലപ്പെട്ട
റോസ്‍ലിയുടെ സുഹൃത്തായ യുവതി വെളിപ്പെടുത്തിയിരുന്നു. തടിയുള്ള തമിഴ് സ്ത്രീകളെ വേണമെന്ന് മാസങ്ങൾക്ക് മുമ്പ് ഷാഫി തന്നോട് ആവശ്യപ്പെട്ടതായി ഷാഫിയുടെ സുഹൃത്തും ബിസിനസുകാരനുമായ ആൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയും ചെയ്തു. ഒരു സേട്ടിന് വേണ്ടിയാണെന്നും ഒരു സ്ത്രീക്ക് ഒരു കോടി വെൃച്ച് കിട്ടുമെന്നുമാണ് അന്ന് ഷാഫി പറഞ്ഞെന്നായിരുന്നു വെളിപ്പെടുത്തൽ. ഇത് കൂടി കണക്കിലെടുത്താണ് ഷാഫിയുടെ വലയിൽ കൂടുതൽ സ്ത്രീകൾ കുരുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത്.