കൊച്ചി: നടി ഷംന കാസിമിനെ  ബ്ലാക്മെയിലിംഗ് ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘത്തിൽ സ്ത്രീകളും ഉൾപ്പെട്ടിരുന്നതായി പോലീസ്. ഷംന കാസിമിനെ വരന്‍റെ ഉമ്മയായി ഫോൺ വിളിച്ചു സംസാരിച്ചത്  മുഖ്യ പ്രതികളിലൊരാളുടെ ഭാര്യയാണെന്ന് പോലീസ് കണ്ടെത്തി. ഷംന കാസിമും പ്രതികളും തമ്മിലുള്ള ഫോൺ സംഭഷണത്തിന്‍റെ രേഖകൾ അടക്കം പിടിച്ചെടുത്തതായും ഐ.ജി വിജയ് സാഖറെ വ്യക്തമാക്കി

ഷംന കാസിമിനെ ബ്ലാക് മെയിൽ ചെയ്ത് പണം തട്ടാൻ പ്രതികൾ ആസൂത്രിതമായാണ് പദ്ധതികൾ ഒരുക്കിയതെന്നാണ് പോലീസ് പറയുന്നത്. വിവാഹ തട്ടിപ്പിന് വിശ്വാസ്യതയുണ്ടാക്കാനും ഷംനയെയയും കുടുംബത്തെയും പറ്റിക്കുന്നതിനും പ്രതികൾ സ്ത്രീകളെയും ഉപയോഗിച്ചു. നിലവിൽ അറസ്റ്റിലുള്ള മുഖ്യ പ്രതികളിൽ ഒരാളുടെ ഭാര്യയാണ് ഷംന കാസിമിനെ നിരന്തരം ഫോൺ വിളിച്ചത്. വരനായി അഭിനയിച്ച അൻവർ അലിയുടെ ഉമ്മ സഹ്റ എന്ന വ്യാജ പേരിലായിരുന്നു  ഫോൺ സംഭഷണം. വ്യാജ പേരിൽ ഇവരും തട്ടിപ്പിന് കൂട്ടുനിന്നു

ഫിദ എന്ന പേരിൽ ഒരു കുട്ടിയെയും ഷംന കാസിമിന് പരിചയപ്പെടുത്തിയിരുന്നു. ഷംന കാസിം അൻവർ അലിയ്ക്കായി അയച്ച മെസേജുകൾക്ക് പ്രതികളെല്ലാം മറുപടി നൽകിയിട്ടുണ്ട്. ഒരുമിച്ചിരുന്നായിരുന്നു ഇവരുടെ ഫോൺ സംഭഷണവും വാട്സ് ആപ് ചാറ്റുകളും. ഈ രേഖകളെല്ലാം പ്രതികളുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെത്തി. നിലവിൽ ഷംന കാസിം ഹോ ക്വാറനറീനിൽ കഴിയുന്നതിനാൽ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുക്കില്ല. പകരം ഫോട്ടോ കാണിച്ച് തെളിവെടുക്കും. പ്രതികൾ സ്വർണ്ണക്കടത്തിനായി സമീപിച്ച പ്രമുഖ നടീ നടൻമാരുടെ മൊഴിയും പോലീസ് ഉടൻ രേഖപ്പെടുത്തും.