ഒന്നരവർഷത്തോളമായി ക്യാംപസിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലും ടെലഗ്രാമിലും പ്രചരിച്ചിരുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ആരാണ് ഇതിന് പിന്നിലെന്ന അന്വേഷണത്തിലായിരുന്നു കുട്ടികളിൽ പലരും.
കൊച്ചി: അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് കൊച്ചിയിൽ വിദ്യാർത്ഥിക്കെതിരെ കേസ്. തൃക്കാക്കര ഭാരത്‍മാതാ കോളേജ് വിദ്യാർത്ഥി ശ്രീഹരിക്കെതിരെയാണ് കേസെടുത്തത്. ശ്രീഹരിയെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. തെളിവുകൾ സഹിതം വിവരം നൽകിയിട്ടും അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചവരെ കോളെജ് മാനേജ്മെന്റ് സംരക്ഷിച്ചെന്ന് ആരോപിച്ചു് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.
ഒന്നരവർഷത്തോളമായി ക്യാംപസിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലും ടെലഗ്രാമിലും പ്രചരിച്ചിരുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ആരാണ് ഇതിന് പിന്നിലെന്ന അന്വേഷണത്തിലായിരുന്നു കുട്ടികളിൽ പലരും. ചിത്രങ്ങൾ പ്രചരിപ്പിച്ച ഒരു ഫോൺനമ്പർ പരിശോധിച്ചപ്പോൾ കോളേജ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗം. രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥി ശ്രീഹരിയുടേതാണ് നമ്പർ എന്ന വ്യക്തമായതോടെ ചൊവ്വാഴ്ച വൈകിട്ട് ശ്രീഹരിയെ തടഞ്ഞുനിർത്തി ഫോൺ പരിശോധിച്ചു.
അന്ന് തന്നെ പ്രിൻസിപ്പാളിനെ വിവരം അറിയിച്ചു. തിരുവനന്തപുരം സ്വദേശിയായ ശ്രീഹരിയുടെ ലോക്കൽ ഗാർഡിയനെ വിളിച്ചുവരുത്തി. ആത്മഹത്യപ്രവണതയുണ്ടെന്ന് ശ്രീഹരി പോയതിനാൽ ലോക്കൽ ഗാർഡിയനൊപ്പം പറഞ്ഞയച്ചു. പിറ്റേന്ന് ഡിസിപ്ലിനറി കമ്മിറ്റി കൂടി ശ്രീഹരിയെ പുറത്താക്കി, പൊലീസിൽ പരാതി നൽകി. ചിത്രം പ്രചരിപ്പിക്കുന്നതിൽ കൂടുതൽ പേരുണ്ടെന്നും ഒരാളെ കുറിച്ച് വിവരം നൽകിയിട്ടും കോളേജ് നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.
പരീക്ഷയെഴുതാൻ ഇയാളെ അനുവദിച്ചെന്നും ശ്രീഹരിയെ കോളേജ് സംരക്ഷിച്ചെന്നും ആരോപിച്ച് വിദ്യാർത്ഥികൾ സംഘടിച്ചു. കർശന നടപടിയുണ്ടാകുമെന്ന ഉറപ്പിലാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്. കെഎസ്‍യു കോളേജ് മീഡിയ കമ്മിറ്റി അംഗമായിരുന്നു പിടിയിലായ ശ്രീഹരി. ആരുടെയൊക്കെ ചിത്രങ്ങൾ, ഏതൊക്കെയിടങ്ങളിൽ പ്രചരിപ്പിച്ചെന്നും ആരൊക്കെ ഇതിന് പിന്നിലുണ്ടെന്നും അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

