കോഴിക്കോട്: ലോക്ക് ഡൗണ്‍ ഇളവുകള്‍ നടപ്പാക്കിയിട്ടും സംസ്ഥാനത്ത് പല ജില്ലകളിലും സ്വകാര്യ ബസുകള്‍ നിരത്തില്‍ ഇറങ്ങിയില്ല. കോഴിക്കോട് നഗരത്തില്‍ അടക്കം ബസുകള്‍ ഇല്ലാത്തത് ജനങ്ങളെ വലയ്ക്കുകയാണ്. കനത്ത നഷ്ടം സഹിച്ച് ബസുകള്‍ ഓടിക്കാനാവില്ലെന്ന നിലപാടിലാണ് ബസ് ഉടമകള്‍. കോട്ടയത്ത് സ്വകാര്യ ബസ് സര്‍വീസ് ഭാഗികമായാണ് നടക്കുന്നത്. തൃശ്ശൂരില്‍ വളരെ കുറച്ച് റൂട്ടുകളിലാണ് ബസുകള്‍ ഓടുന്നത്. പത്തനംതിട്ടയില്‍ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

കൊച്ചിയിൽ സ്വകാര്യ ബസ് സര്‍വ്വീസുകളുടെ എണ്ണത്തിൽ വന്‍ കുറവാണുള്ളത്. സര്‍വ്വീസുകൾ ലാഭകരമല്ലാതായെന്ന്  ബസ് ഉടമകൾ പറയുന്നു. സര്‍ക്കാ‍ർ നിർദ്ദേശം പാലിച്ച് സര്‍വ്വീസ് നടത്താൻ ബുദ്ധിമുട്ടാണെന്നും ബസ് ഉടമകൾ പറയുന്നു. അമ്പതില്‍ താഴെ ബസുകൾ മാത്രമാണ് നിലവിൽ കൊച്ചി നഗരത്തിൽ സര്‍വീസ് നടത്തുന്നത്. നഗരത്തിൽ ഓടുന്ന ബസുകള്‍ക്ക് ആയിരം രൂപയോളവും ദീര്‍ഘ ദൂര ബസുകള്‍ക്ക് മൂവായിരം രൂപയിലധികവും നഷ്ടമുണ്ടാകുന്നുവെന്നാണ് ഉടമകള്‍ പറയുന്നത്. നഗരത്തിന് പുറത്തേക്കുള്ള പല പ്രധാന റൂട്ടുകളിലും ബസ് സര്‍വ്വീസുകൾ പൂര്‍ണമായും നിലച്ചു.

കൊല്ലം ജില്ലയില്‍ ചുരുക്കം ചില സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കെഎസ്‍ആര്‍ടിസി ബസുകൾ അധികമില്ലാത്ത മേഖലകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ സര്‍വീസ്. അതേസമയം സ്വകാര്യ ബസുകളെ ആശ്രയിച്ചല്ല ജില്ലയിലെ കൂടുതല്‍ ഗതാഗതവും എന്നതിനാല്‍ സ്വകാര്യ ബസുകളുടെ കുറവ് ജനങ്ങളെ അധികം ബാധിച്ചിട്ടില്ല.