തൃശൂർ: കല്ലംകുന്നിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവുങ്ങൽ ജയകൃഷ്ണന്റെ ഭാര്യ രാജിയും മകൻ വിജയകൃഷ്ണനുമാണ് മരിച്ചത്. രാജിയുടെ മൃതദേഹം തൂങ്ങിയ നിലയിലും  മകന്റേത് കിണറ്റിലുമാണ് കണ്ടെത്തിയത്. അങ്കമാലിയിൽ ജോലി ചെയ്യുന്ന രാജിയുടെ ഭർത്താവ് ജയകൃഷ്ണൻ രാവിലെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടത്.

കരുവാപടിയില്‍ താമസിച്ചിരുന്ന ഇവര്‍  കുറച്ച് ദിവസം മുന്‍പാണ് ഇവരുടെ അമ്മ വീടായ കല്ലംകുന്നിലേക്ക് താമസം മാറ്റിയത്.  കഴിഞ്ഞ ദിവസങ്ങളിൽ ഫോണിൽ വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് ജയകൃഷ്ണൻ നേരിട്ട് വീട്ടിലെത്തിയത്. വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിലായിരുന്നു രാജിയുടെ മൃതദേഹം. മകന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിലാണ്  കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്.

കൊച്ചിയിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന വിജയകൃഷ്ണൻ വർക്ക് അറ്റ് ഹോമിലായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തതതാകാം എന്നാണ് പൊലീസ് കരുതുന്നത്. സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് വിജയകൃഷ്ണൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി. രണ്ട് മൃതദേഹങ്ങളിലും കൈ ഞരമ്പുകൾ മുറിക്കാൻ ശ്രമിച്ച ലക്ഷണങ്ങളുണ്ട്. ഇതും ആത്മഹത്യയാണെന്ന സംശയത്തിന് ബലം നൽകുന്നു.

ഫയര്‍ഫോഴ്‌സ്, ഫോറന്‍സിക്ക്, ഡോഗ്‌സ്വാക്ഡ് എന്നിവ സ്ഥലത്തെത്തി പരിശോധന നടത്തി. ജയകൃഷ്ണന് വിനയകൃഷ്ണൻ എന്ന ഒരു മകൻ കൂടിയുണ്ട്. ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചാൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്.