മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലത്തിനടുത്ത് കോഹിനൂരിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. അമ്മ അനീസയാണ് കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്നതെന്ന് പൊലീസ് പറയുന്നു. സംഭവ ശേഷം കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച അനീസയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മൂന്ന് മക്കളിൽ ഏറ്റവും ഇളയതായ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെയാണ് അനീസ കൊലപ്പെടുത്തിയത്. സംഭവ ശേഷം കൈ ഞെരമ്പ് മുറിച്ച് അബോധാവസ്ഥയിലായ അനീസയെ അയൽവാസികൾ കാണുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് അനീസയെ ആശുപത്രിയിൽ എത്തിച്ചത്.

മൂന്നാമത്തെ പ്രസവത്തിന് ശേഷം ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തേഞ്ഞിപ്പലം പൊലീസും, മലപ്പുറത്ത് നിന്നുള്ള ഫൊറൻസിക് വിദഗ്ധരുംസ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.