ബെംഗളുരു യാത്രയ്ക്ക് അമ്മ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് യുവാവ് 30 അടി ഉയരമുള്ള മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സേന ഇയാളെ സാഹസികമായി രക്ഷപ്പെടുത്തി
തിരുവനന്തപുരം: ബെംഗളുരു യാത്രയ്ക്ക് അമ്മ അനുമതി നൽകാത്തതിൽ മനംനൊന്ത് 30 അടി ഉയരമുള്ള മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സേന സാഹസികമായി രക്ഷപ്പെടുത്തി. കോട്ടുകാൽ പയറുമൂട് സ്വദേശിയായ ഇരുപത് വയസുകാരനാണ് ഇന്നലെ രാത്രി നാട്ടുകാരെയും ഉദ്യോഗസ്ഥരെയും മുൾമുനയിൽ നിർത്തിയത്.

രാത്രി 9 മണിയോടെ പയറുമൂടിലെ ആളൊഴിഞ്ഞ പുരയിടത്തിലുള്ള അഞ്ഞിലിമരത്തിലാണ് യുവാവ് കയറിയത്. ബംഗളുരു പോകാൻ അമ്മ സമ്മതിക്കാത്തതായിരുന്നു യുവാവിനെ പ്രകോപിപ്പിച്ചത്. പൊലീസും നാട്ടുകാരും ബന്ധുക്കളും മണിക്കൂറുകളോളം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് താഴെയിറങ്ങാൻ തയ്യാറായില്ല. തുടർന്ന് ഫയർഫോഴ്സ് സഹായം തേടുകയായിരുന്നു.സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന മരത്തിന് താഴെ റെസ്ക്യൂ നെറ്റ് വിരിച്ച ശേഷം ലാഡർ ഉപയോഗിച്ച് മരത്തിന് മുകളിലെത്തി.
മണിക്കൂറുകളോളം മരത്തിന് മുകളിൽ ഇരുന്നതിനാൽ അവശനായ യുവാവിനോട് വെള്ളം നൽകാമെന്ന് സേനാംഗങ്ങൾ പറഞ്ഞു. ഇത് വിശ്വസിച്ച് മുക്കാൽ മണിക്കൂറിന് ശേഷം വെള്ളം വാങ്ങാനായി ലാഡറിലൂടെ താഴേക്ക് ഇറങ്ങിയ ഇയാളെ സേനാംഗങ്ങൾ തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു.തുടർന്ന് പൊലീസിന് കൈമാറിയ യുവാവിനെ ശാരീരിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശരത്ചന്ദ്രന്‍റെ നേതൃത്വത്തിൽ ഓഫീസർമാരായ സന്തോഷ് കുമാർ, ഹരിദാസ്, അനുരാജ്, അനീഷ്, സാജൻ, രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി.


